കൊച്ചി: വേര്‍പിരിഞ്ഞ് താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം കുടുംബ കോടതിക്ക് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് വിവാഹമോചനം നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടു വര്‍ഷത്തിലധികം വേര്‍പിരിഞ്ഞ് താമസിക്കുന്നു എന്ന് സത്യവാങ്മൂലം നല്കി. എന്നാല്‍ എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന കാരണം ഹര്‍ജിയില്‍ പറഞ്ഞില്ല. കാരണം വ്യക്തമാക്കിയില്ല എന്ന് ചൂണ്ടികാട്ടി കുടുംബ കോടതി വിവാഹമോചനം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമപ്രകാരം ഒരു വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് പരസ്പര സമ്മതത്തോടെ അറിയിക്കുകയും ചെയ്താല്‍ വിവാഹമോചനമാകാം. എന്തുകൊണ്ട് വിവാഹമോചനം എന്നതിനുള്ള കാരണം വ്യക്തമാക്കണം എന്ന് നിയമത്തില്‍ ഇല്ല.
സ്വകാര്യ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ നിര്‍ബന്ധിക്കരുത്. വൈവാഹിക ജീവിതം പരാജയപ്പെട്ടു എന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കണം. ജീവിക്കാന്‍ പറ്റില്ല എന്ന് ഇരുകൂട്ടരും പറഞ്ഞാല്‍, വിവാഹബന്ധം പൂര്‍ണമായും തകര്‍ന്നു എന്ന് അനുമാനിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
