ശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു ! പിന്നെ മെല്ലെ മരണത്തിന് കീഴടങ്ങി;കോവിഡ് മരണം നേരിട്ടു കണ്ട ഡോക്ടറുടെ കുറിപ്പ്

കോവിഡ് മരണം നേരിട്ടു കണ്ട ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടനിലെ ഒരു ഡോക്ടറാണ് കോവിഡ് രോഗിയുടെ ദാരുണാന്ത്യം വിശദീകരിച്ച് കുറിപ്പെഴുതിയത്.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ… ‘ആ കണ്ണുകള്‍ സഹായത്തിനായി നിശബ്ദമായി എന്നോട് കേണു. വല്ലാത്ത ശബ്ദത്തോടുകൂടി ശ്വാസമെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

എത്ര ശ്രമിച്ചിട്ടും ശ്വാസകോശത്തില്‍ ജീവവായു നിറയാത്തപോലെ. ഭീതിക്കൊടുവില്‍ പലരും മരണത്തിനു കീഴടങ്ങി. ആ മുഖങ്ങള്‍ എന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നെങ്കില്‍…’

‘ഡോക്ടറെന്ന നിലയില്‍ എനിക്ക് ഒരു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. നിരവധി മരണവും കണ്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ചയാണു കോവിഡ്-19 വൈറസിന്റെ ഭീകരത കണ്‍മുമ്പിലെത്തിയത്.

ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന 70 വയസുകാരനായിരുന്നു മുന്നില്‍. കൂടെ രണ്ടു നഴ്സുമാരും ഒരു ഡോക്ടറുമുണ്ടായിരുന്നു.

ഞങ്ങളുടെ ശ്രമം മിനിറ്റുകളേ നീണ്ടുള്ളൂ. ആ ഹൃദയമിടുപ്പ് നിലച്ചു. ശ്വാസമെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു.

അതു മറക്കാനാകില്ല. പിന്നെ രോഗികളുടെ പ്രവാഹമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ നിറഞ്ഞു. ജോലിസമയം ഇരട്ടിയായി. കോവിഡ്-19 ലണ്ടനിലെത്തുമെന്നു ഞങ്ങള്‍ക്കും അറിയാമായിരുന്നു. പക്ഷേ, ഇത്ര വലിയ ദുരന്തം പ്രതീക്ഷിച്ചില്ല.

ഞാന്‍ മനസില്‍ പറഞ്ഞു. പ്രതികൂല സാഹചര്യത്തില്‍ മനസ് പതറിക്കൂടാ. പക്ഷ, അപ്പോഴും സ്വയം ചോദിച്ചു. ദൈവമേ, എന്താണ് സംഭവിക്കുന്നത്! ദിവസങ്ങള്‍ കൊണ്ട് വാര്‍ഡുകള്‍ നിറഞ്ഞു.

ആശുപത്രിയിലെ വാര്‍ഡുകളുടെ ക്രമീകരണവും ഓരോ ദിവസവും മാറിക്കൊണ്ടിരുന്നു. ഭൂരിപക്ഷം വാര്‍ഡുകളും കോവിഡ്-19 ബാധിച്ച രോഗികളോ സമ്പര്‍ക്കവിലക്കിലായവരുടേതുമോ ആയി.

ആഴ്ച മധ്യത്തിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലെന്നായി. കാലിയായ വയറുമായി തുടര്‍ച്ചയായി ഒന്‍പത് മണിക്കൂര്‍ ജോലി.

വാര്‍ഡികളിലൂടെ ഓടിനടക്കണം. എവിടെയും ശ്വാസംകിട്ടാതെയുള്ള പിടച്ചില്‍ കാണാം. ഫോണില്‍ ഓരോ സന്ദേശമെത്തുമ്പോഴും പ്രാര്‍ഥിച്ചു. മതി, ദൈവമേ…

രോഗം സ്ഥിരീകരിക്കാന്‍ രണ്ട് ദിവസം വേണ്ടിവരും. അതുവരെയുള്ള രോഗികളുടെ ആശങ്ക, അതു നേരില്‍ കണ്ടാലെ മനസിലാകൂ.

ഇത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. ഓരോ ലെവലും പിന്നിടുമ്പോള്‍ കാഠിന്യം കൂടുന്ന കമ്പ്യൂട്ടര്‍ ഗെയിം പോലെയാണ് ഈ പ്രതിസന്ധി. ഇതൊന്ന് അവസാനിച്ചിരുന്നെങ്കില്‍! ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment