പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം; കുറിപ്പ് വൈറലാകുന്നു…

വിവാഹേതര ബന്ധങ്ങള്‍ കൂടിവരുന്ന ഒരു കാലമാണിത്. ദിവസേന ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്.

വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും പിഞ്ച് മക്കളെ പോലും ഉപേക്ഷിച്ചാണ് ഇത്തരത്തില്‍ സ്വന്തം സന്തോഷം തേടി പോകുന്നത്.

ഇപ്പോള്‍ സംഭവത്തില്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം.

പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രമെന്നാണ് ഡോ അനുജ കുറിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

വിവാഹിതര്‍ക്കിടയിലെ (അ)വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍ ഇവരുടെ മരണം കൊണ്ടു അവര്‍ മറ്റൊന്നും നേടിയില്ലെന്നേ പറയാനാകൂ.

മാനസികവും ശാരീരികവുമായി പങ്കാളിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ വീര്‍പ്പുമുട്ടി ഒരു കുടുംബം മുന്നോട്ടു കൊണ്ടു പോകണമെന്ന പക്ഷം എനിക്കില്ല,അതിനുള്ള സ്വതന്ത്ര്യം നിയമം അനുവദിക്കുന്നുമുണ്ട്.

എന്നാല്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ ഒരു ശ്രമവും നടത്താണ്ട്, പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം.

ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉണ്ടാകേണ്ട വിശ്വാസം, അതു നഷ്ടപ്പെടുത്തുമ്പോള്‍ മറുപാതിയില്‍ ഉണ്ടായേക്കാവുന്ന മുറിവുകള്‍ ഓര്‍ക്കാതെ നടത്തുന്ന പ്രണയ നാടകത്തെ എന്തു വിളിക്കാന്‍ കഴിയും!

ദൈനംദിന ജോലികളും, ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നഷ്ടപ്പെടുന്ന ദാമ്പത്യ ജീവിതത്തിലെ,നിങ്ങളുടെ പ്രണയത്തെ ഒന്നു recreate ചെയ്യാന്‍ ശ്രമിക്കൂ.

നാളെ അച്ഛന്റെയോ അമ്മയുടെയോ സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ വഴിമാറാതിരിക്കട്ടെ, കുടുംബത്തില്‍ നിന്നും സ്നേഹത്തിന്റെ, നന്മയുടെ വിത്തുകള്‍ കുഞ്ഞുങ്ങളിലേക്ക് പകരട്ടെ.

ഞാന്‍ വലുതാണ്, നീ ചെറുതാണ് എന്നല്ല ഞാനും നീയും ചേര്‍ന്ന നമ്മുടെ ലോകമാണ് വലുതെന്നു ചിന്തിക്കുക, പിണക്കവും പരിഭവവും സ്നേഹത്തിനു വഴിമാറി കൊടുക്കട്ടെ, ഈഗോയൊക്കെ dustbinലേക്ക് വലിച്ചെറിയാന്‍ ഒരു മിനിറ്റ് പോലും വൈകിക്കേണ്ട.

പരസ്പരം സ്വപ്നങ്ങള്‍ക്ക് കരുത്തേകി, വേദനകളില്‍ സാന്ത്വനം പകരാനായാല്‍, ഭാര്യ-ഭര്‍തൃ ബന്ധത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല, അത്തരത്തില്‍ കുടുംബബന്ധങ്ങള്‍ (അ) വിശുദ്ധ പ്രണയനാടകങ്ങള്‍ക്ക് വഴി മാറാതിരിക്കട്ടെ.

Related posts

Leave a Comment