സ്‌കൂള്‍ സിലബസിനൊപ്പം പഠിച്ചത് അടിച്ചമര്‍ത്തല്‍ കോഴ്‌സും; റിമ കല്ലിങ്കലിന്റെ വറുത്ത മീന്‍ പ്രയോഗത്തിന് പിന്തുണയുമായി വന്ന ഡോ.നജ്മ മോള്‍ക്ക് പറയാനുള്ളത്…

നടി റിമാ കല്ലിങ്കലിന്റെ വറുത്ത മീന്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്‌സില്‍ സംസാരിക്കവെയായിരുന്നു ഈ മീന്‍ പ്രയോഗം. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത് വീട്ടില്‍നിന്നുമാണെന്ന് റിമ പറഞ്ഞിരുന്നു. റിമയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലായി റിമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഗവ. ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടറായ നജ്മ മോളാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്…

ഒരല്‍പം മുമ്പ് എഴുതിയിരുന്നെങ്കില്‍ ഒരുപാട് പേരുടെ പേരോടെ ഞാന്‍ എഴുതി പോകുമായിരുന്നു എന്ന ഭയത്താല്‍ മാത്രം വൈകിപ്പിച്ച പോസ്റ്റാണ്.. എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. പിന്നെ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു…പേന പിടിപ്പിക്കുന്നതിനോടൊപ്പം കയ്യില്‍ ചൂല് കൂടെ പിടിപ്പിച്ചു തന്നെയാണ് എന്റെ ഉമ്മ എന്നെ വളര്‍ത്തിയത്…അരികും മൂലയും ചേര്‍ത്ത് തൂത്തു വാരാനാണ് ആദ്യം പഠിപ്പിച്ചത്…ശേഷം അലക്കാനും ദോശ ചുടാനും തേങ്ങ ചിരവാനും അങ്ങനെ അങ്ങനെ…മറ്റൊരു വീട്ടില്‍ പോകേണ്ടവളാണ് എന്ന ഭീഷണിയുടെ നിഴലില്‍ സ്‌കൂള്‍ സിലബസിനൊപ്പം മറ്റൊരു അടിച്ചമര്‍ത്തല്‍ കോഴ്‌സ് കൂടെ പഠിപ്പിച്ചു…

ഒന്നനങ്ങി നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഒതുങ്ങി നടക്കണമെന്ന് ,ശബ്ദമുയര്‍ത്തി സംസാരിക്കുമ്പോല്‍ പെണ്ണിന്റെ ഒച്ച പൊങ്ങരുതെന്ന്, കാലിനു മുകളില്‍ കാലു കയറ്റി വെക്കുമ്പോള്‍, കാലകത്തി വെക്കുമ്പോള്‍ ഇന്ന് വരെ മനസ്സിലായിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന്, പകലൊരല്പം ഉറങ്ങുമ്പോള്‍ പകല്‍ പെണ്ണുങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങുന്നത് വീടിനു മോശമെന്ന്, വൈകി എണീക്കുമ്പോള്‍ പുലര്‍ച്ചെ എഴുന്നേറ്റു അടുക്കളയില്‍ കയറണമെന്നു, ഇഷ്ടമില്ലാത്ത ഭക്ഷണം ഒഴിവാക്കുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാം കഴിച്ചു ശീലിക്കണമെന്ന്,
വയസ്സറിയിച്ചയിടയ്ക് ഒരല്‍പം വണ്ണം വച്ചതിനു ‘പടച്ചോനെ ചെക്കനെ കിട്ടുമോന്നു’ ഒരല്പം നിറം മങ്ങി പോയതിനു സ്ത്രീധനം ഒരുപാട് കൊടുക്കേണ്ടി വരോന്നു അങ്ങനെയങ്ങനെ ഭാവിയില്‍ എന്നെ അളന്നു മുറിച്ച് മാത്രം സ്വീകരിക്കുന്ന ഭര്‍ത്താവിനും ‘സൊ കോള്‍ഡ് ക്രൂരയായ’ അമ്മായി അമ്മയ്ക്കും പാകമാക്കി ഒരു ‘പെണ്‍ഉരുപ്പിടിയെ’ പാകപ്പെടുത്തി എടുക്കും മട്ടില്‍ തന്നെയാണ് ഞാനടക്കം എന്റെ നാട്ടിലെ മിക്കവാറും പെണ്‍കുട്ടികള്‍ വളര്‍ത്തപെട്ടത്.

ഈ ഉമിത്തീയില്‍ വെന്തു അസഹനീയമാം വിധം പൊള്ളാന്‍ തുടങ്ങിയപ്പോഴാണ് തന്റേടി, തന്നിഷ്ടക്കാരി, അഹങ്കാരി വീട്ടുകാരെ വക വെക്കാത്തവള്‍ അനുസരയില്ലാത്തവള്‍, ദുര്‍ന്നടപ്പുകാരി എന്നിങ്ങനെ ഉള്ള നിരവധി പേരുകള്‍ സ്വയം സ്വീകരിച്ച് തീര്‍ത്തും പുതിയ രൂപം പ്രാപിച്ചത്. അതില്‍ പിന്നെ എനിക്ക് എന്റെതായ ശരികളും ശരിയില്ലായ്മയും വന്നു. എന്റേതായ സമയവും അസമയവും വന്നു. എന്റേതായ സഭ്യതയും അസഭ്യതയും വന്നു. എന്റേതായ വിശ്വാസവും അവിശ്വാസവും വന്നു. പലപ്പോഴും പലരും പരിഹസിക്കും പോലെ സമൂഹത്തെയും നാട്ടുകാരുടെ വിശ്വ വിഖ്യാതമായ നാവിനെയും ഭയമില്ലാതെയായി. അങ്ങനെ അങ്ങനെ എല്ലാ ഭാരങ്ങളും ഉമ്മയുടെ ചുമലില്‍ വച്ച് ഞാന്‍ ഏറെ കുറേ രൂപാന്തരം പ്രാപിച്ചു.. അനുസരണയില്ലാത്ത മകളെ വളര്‍ത്തിയതിന്, എന്റെ ഇഷ്ടങ്ങള്‍ വകവച്ചു തരുന്നതിനു എനിക്ക് മൂക്ക് കയറിടാത്തതിനു, ദിവസേനെയെന്നോണം ഉമ്മ മാനസികമായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും അതിനെയെല്ലാം നിസ്സംഗമായി നേരിട്ട ഞാന്‍ വീണ്ടും കല്ലുള്ള ഹൃദയത്തിനുടമയായി.

പോസ്റ്റിന്റെ പൂര്‍ണരൂപം…

Related posts