കോഴിക്കോട്: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയ്ക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം പെരുമുഖത്തുവച്ചുണ്ടായ അപകടത്തിൽ കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതയ്ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം കാർ റിവേഴ്സ് എടുത്ത് പഠിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ പരിക്കേറ്റ സ്നേഹലത ആശുപത്രിയിൽ ചികിത്സതേടി. കാറിന്റെ പിൻഭാഗം കിണറിലെ വെള്ളത്തിൽ മുങ്ങിയെങ്കിലും മുൻ ഭാഗത്തെ ഡോർ തുറക്കാൻ കഴിഞ്ഞത് തുണയായെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.