പരസ്പരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അകലെയായിരിക്കുമ്പോള്‍ എപ്പോഴും ഫോണ്‍ വിളിക്കുക ഇതൊക്കെയാണ് പരിപാടികള്‍! യുവമിഥുനങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള പ്രേമകഥയാണ് വാപ്പച്ചിയുടെയും ഉമ്മയുടെയും എന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ ഒരു യമണ്ടന്‍ പ്രേമകഥ’ തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സമയമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, ദുല്‍ഖര്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രേമകഥ ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ ഒരു മറുപടിയാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും കഥയാണ് താരം പറഞ്ഞത്. വീട്ടില്‍ താനും അമാലുമാണ് യുവദമ്പതികളെങ്കിലും വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും നവദമ്പതികളെപ്പോലെയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ…

എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്സ്ട്രാ ഓര്‍ഡിനറി ലവ് സ്റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്.

അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കുക അങ്ങനെ പോകുന്നു. എന്റെ ഭാര്യ എന്നെ ഫോണ്‍വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും.

കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്.

Related posts