എനിക്കറിയാമായിരുന്നു, കുഞ്ഞുണ്ടാവുമ്പോള്‍ ഞാനും ഇതാണനുഭവിക്കുക! എന്റെ മാനസികാവസ്ഥ മുഴുവന്‍ ഈ പാട്ടിലുണ്ട്; കുഞ്ഞുമാലാഖയെ കിട്ടിയ സന്തോഷം ദുല്‍ഖര്‍ പങ്കുവച്ചതിങ്ങനെ

imageസന്തോഷം വന്നാലും സങ്കടം വന്നാലും പാട്ട് കേള്‍ക്കാന്‍ താത്പര്യപ്പെടുന്നവരുണ്ട്. ബഹുഭൂരിപക്ഷം ആളുകള്‍ക്കും സന്തോഷത്തോടൊപ്പം ഗാനം ആസ്വദിക്കാനാണ് താത്പര്യം. ചില സന്തോഷാവസരങ്ങളില്‍ നമ്മുടെ മനസിലേയ്ക്ക് ഏതെങ്കിലുമൊരു പാട്ട് യാദ്യശ്ചികമായി കടന്നുവരും. നടനും താരപുത്രനുമായ ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ അങ്ങനെയൊരു പാട്ടോര്‍മ്മയുടെ നിര്‍വൃതിയിലാണ്. ഭാര്യ അമാല്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞ് വീട്ടിലേയ്‌ക്കെത്തുമ്പോള്‍ ദുല്‍ഖറിന് ഓര്‍മ്മ വരുന്നത് ഈ പാട്ടാണ്. അമേരിക്കന്‍ റോക്ക് ബാന്‍ഡ് ആയ ക്രീഡ് പുറത്തിറക്കിയ, വിത് ആംസ് വൈഡ് ഓപ്പണ്‍ എന്ന പാട്ടാണ് ദിവസങ്ങള്‍ക്കു മുന്‍പ് തന്റെയും ഭാര്യ അമാലിന്റേയും ജീവിതത്തിലേക്കു വന്ന മകളെ കാണുമ്പോള്‍ ദുല്‍ക്കറിന് ഓര്‍മ്മവരുന്നത്. ബാന്‍ഡിന്റെ ലീഡ് സിംഗറായിരുന്ന സ്‌കോട് സ്റ്റാപ് താന്‍ അച്ഛനാകാന്‍ പോകുന്നുവെന്നു കേട്ട വേളയില്‍ കുറിച്ചതാണീ പാട്ട്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ദുല്‍ഖര്‍ ഈ ഗാനം പങ്കുവച്ചിരിക്കുന്നത്.

(ഞാന്‍ ഇന്നാണ് ആ വാര്‍ത്ത കേട്ടത്
എന്റെ ജീവിതം മാറാന്‍ പോകുന്നുവെന്ന് എനിക്കു തോന്നുന്നു
കണ്ണുകളടച്ച് ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി
അപ്പോള്‍ എന്റെ കവിളുകളിലൂടെ സന്തോഷത്തിന്റെ മിഴിനീര് ഒഴുകി….)

‘നന്ദി ക്രീഡ്. ഈ ഗാനം ആദ്യമായി കേട്ടപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ഒരു കുഞ്ഞുണ്ടാവുമ്പോള്‍ ഇതാവും ഞാന്‍ അനുഭവിക്കുക. എന്റെ മാനസികാവസ്ഥ മുഴുവന്‍ ഈ പാട്ടിലുണ്ട്’. ഇന്‍സ്റ്റഗ്രാമില്‍ പാട്ടിന്റെ വരികള്‍ കാണിക്കുന്നൊരു ചിത്രം പങ്കുവച്ചു കൊണ്ട് ദുല്‍ഖര്‍ പറയുന്നു. ഇന്നും ഈ പാട്ടിന് ലോകമെങ്ങും അളവറ്റ ആരാധകരുണ്ട്. ഫേസ്ബുക്കിലും ദുല്‍ഖര്‍ തന്റെ സന്തോഷം പങ്കുവച്ചിരുന്നു. ദയവുചെയ്ത് കുഞ്ഞിന്റെ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ദുല്‍ഖര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Related posts