ബന്ധുക്കളെ പേടിച്ച് പെറ്റ തള്ളയെ കാണാന്‍ എനിക്ക് സ്വാതന്ത്രമില്ല! സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രഘോഷണങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊക്കെയാണ്; ഡിവൈഎഫ്‌ഐ നേതാവുകൂടിയായ മിശ്രവിവാഹിതയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു

സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രഘോഷണങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവിതത്തില്‍ എപ്രകാരമാണ് ജീവിക്കുന്നത് എന്നത് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവുകൂടിയായ ഷാഹിന്‍ ജോജോ. ഹാദിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ഷാഹിന്‍ ജോജോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. എറണാകുളം ആലുവാ സ്വദേശിയായ ഷാഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്.

എന്നാല്‍, ഷാഹിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. ഷാഹിനെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ ഈ ബന്ധുക്കള്‍ അനുവദിച്ചിരുന്നുമില്ല. ഇതേ ആളുകള്‍ തന്നെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് എന്ന് ഷാഹിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലപ്പുറത്ത് ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടന്ന കാമ്പയിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാഹിന്റെ പോസ്റ്റ്.

ഷാഹിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ fb വരെ വെറുതെ ഒന്നു പോയിനോക്കി …..സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂര്‍ത്തുക്കളേ…….!ഷപ്പോട്ട ഹാദിയ ?? ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം

എന്ന് ,

ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍

Related posts