അത് അവരുടെ തലയിലെഴുത്താണ്! നിങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളുടെ പ്രത്യാഘാതമല്ല; നടി ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് പരക്കുന്ന അഭ്യൂങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നിര്‍മാതാവ് ഏക്ത കപൂര്‍

പ്രിയ അഭിനേത്രി ശ്രീദേവിയുടെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല, ഇന്ത്യന്‍ സിനിമാലോകം. മരണ കാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും ശ്രീദേവിയുടെ മരണത്തെ ചൊല്ലി പരക്കുന്നുണ്ട്. അപ്രതീക്ഷിത മരണം സംഭവിച്ചത് സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകളും മരുന്നുകളും കഴിച്ചതിന്റെ ഫലമാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇതില്‍ പ്രധാനം.

അമിതമായ സൗന്ദര്യ സംരക്ഷണ രീതികളും അനാവശ്യ ശസ്ത്രക്രിയകളുമാണ് അവരുടെ കാര്‍ഡിയാക് അറസ്റ്റിലേക്ക് വഴി വച്ചതെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ പേജിലൂടെയാണ് ഏക്ത തന്റെ പ്രതിഷേധം അറിയിച്ചത്.

‘ദുഷ്ട മനസുകളേ, ഒരു കാര്യം മനസിലാക്കുക. പ്രത്യേകിച്ച് എന്തെങ്കിലും ഹൃദയ സംബന്ധിയായ അസുഖങ്ങളോ എന്തെങ്കിലും ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങളോ ഇല്ലാതെയും ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കാം (എന്റെ ഡോക്ടര്‍ പറഞ്ഞു തന്ന അറിവാണ്). അത് തലയിലെഴുത്താണ് അല്ലാതെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ദുഷ്ടക്കൂട്ടങ്ങള്‍ ചിത്രീകരിക്കുന്നത് പോലെയല്ല.’ ഏക്ത ട്വിറ്ററില്‍ കുറിച്ചു.

ദുബായിയില്‍ വച്ച് ഹൃദയ സ്തംഭനത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവി അന്തരിച്ചത്. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനുള്ള പരിശോധനാ ഫലങ്ങള്‍ കിട്ടിയ ശേഷം മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണറിയുന്നത്.

Related posts