കോഹ്‌ലിയെ കൊണ്ടു വരുമെന്ന് നാട്ടുകാരോട് പറഞ്ഞു; ഒടുവില്‍ എത്തിയതാകത്തെ കോഹ്‌ലിയുടെ ഡ്യൂപ്പും; കോട്ടയം കുഞ്ഞച്ചന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം അരങ്ങേറിയതിങ്ങനെ

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടന രംഗം മലയാളികള്‍ മറക്കാനിടയില്ല. ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തുമെന്നു പറഞ്ഞാണ് ആളെക്കൂട്ടിയത്. എന്നാല്‍ എത്തിയതാവട്ടെ കൃഷ്ണന്‍ കുട്ടി നായരുടെ പ്രൊഫസര്‍ പച്ചക്കുളം വാസു എന്ന കഥാപാത്രം.പിന്നെയുള്ള പൂരം പറഞ്ഞറിയിക്കണോ… ഇതിന് സമാനമായ സംഭവമാണ് മഹാരാഷ്ട്രയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

ശിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വിത്തല്‍ ഗണപഥ് ഗാവട്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തുമെന്ന് പറഞ്ഞാണ് നാട്ടുകാരെ പറ്റിച്ചത്.

കോഹ്‌ലിയുടെ ചിത്രം വെച്ച് ഫ്‌ളക്‌സ് അടിക്കുകയും ചെയ്തു ഇയാള്‍. മെയ് 25 ന് നടക്കുന്ന റാലിയില്‍ കോലി പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കോലിയെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് കോഹ്‌ലിയോട് രൂപസാദൃശ്യമുള്ള ഒരാളെയാണ് സ്ഥാനാര്‍ഥി എത്തിച്ചത്.

വിത്തലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ക്രിക്കറ്റ് ബാറ്റായിരുന്നു. അതിനാലാകാം ഇത്തരമൊരു സാഹസത്തിന് അദ്ദേഹം മുതിര്‍ന്നതെന്നാണ് കരുതുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചിരിപടര്‍ത്തി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ട്വിറ്ററിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ആളുകള്‍ ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ആധികാരികത വ്യക്തമല്ല. ശരിക്കും വിരാട് കോഹ്‌ലിയെ ഇക്കാര്യം അറിയിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും കോട്ടയം കുഞ്ഞച്ചന്മാര്‍ എല്ലായിടത്തുമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ സംഭവം.

Related posts