കോട്ടയം: പാമ്പാടിയിൽ രണ്ട് വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്ഐആർ. കട്ടപ്പന -കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
സിസിടിവി പരിശോധിച്ചപ്പോൾ സ്വകാര്യ ബസ് അമിത വേഗത്തിലാണു സഞ്ചരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് റോഡിൽ അപകടകരമായ രീതിയിൽ നിന്നു സംസാരിച്ച രണ്ടുപേർക്കെതിരെയും അന്വേഷണം ആരംഭിച്ചു.
ഇവർ റോഡിലേക്ക് കയറി നിന്ന് സംസാരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. പൊലിസും മോട്ടർ വാഹന വകുപ്പും കഴിഞ്ഞ രണ്ട് ദിവസമായി അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം–അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി. തോമസ് (കൊച്ചുമോൻ)-മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.
