ഫണ്ടുകൾ അനുവദിച്ചിട്ടും ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് നിലത്തിരുന്ന് പഠിക്കേണ്ടിവരുന്നതായി റിപ്പോർട്ട്. സംഭൽ ജില്ലയിലെ മഖ്ദുംപൂർ ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിലാണ് ക്ലാസ് മുറികളിൽ ഡെസ്കുകളോ കസേരകളോ ഇല്ലാതെ കുട്ടികൾ പായയിൽ ഇരുന്ന് പഠിക്കുന്നത്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് രണ്ട് മാസത്തിനകം എല്ലാ സ്കൂളുകളിലും ഫർണിച്ചറുകൾ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി.
ആജ് തക് സംഘം നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യക്കുറവ് പുറത്തുവന്നത്. തങ്ങൾക്ക് പഠിക്കാൻ ഡെസ്കുകളോ കസേരകളോ ലഭിച്ചിട്ടില്ലെന്നും നിലത്ത് പായ വിരിച്ചാണ് ക്ലാസുകളിൽ ഇരിക്കുന്നതെന്നും ഫൈസാൻ, ബജിയ, അജ്മൈൻ തുടങ്ങിയ വിദ്യാർത്ഥികൾ പറഞ്ഞു. സ്കൂൾ അധികൃതർ പായ മാത്രമാണ് ഇരിക്കാൻ നൽകിയിട്ടുള്ളതെന്നും കുട്ടികൾ വ്യക്തമാക്കി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരം കൂടിയാണ് ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നത്.
സംഭവത്തിൽ പ്രതികരിച്ച സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൾ, ജില്ലയിലെ 1,200ലധികം സ്കൂളുകളിൽ പകുതിയോളം വിദ്യാലയങ്ങളിൽ ഇതിനകം ഫർണിച്ചറുകൾ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. ബാക്കിയുള്ള സ്കൂളുകളിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഫർണിച്ചറുകൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുതിയ ഫർണിച്ചറുകൾ എത്തുന്നതോടെ കുട്ടികളുടെ ഇരിപ്പിടവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും എന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
