കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല. വനംവകുപ്പിന്റെ പുതിയ കണക്കെടുപ്പില് സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്ഷത്തിനുള്ളില് 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില് ഏറെയും നാല്പതു വയസില് കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന് കാട്ടില് മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്നിന്നുള്പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്നങ്ങളും ലൈസന്സ് നല്കുന്നതിലെ സര്ക്കാര് വിമുഖതയുമാണ് പരിമിതി.
2018 നവംബര് 29ന് നടത്തിയ സെന്സസില് സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്ഷം മുന്പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല് പത്തു വര്ഷത്തിനുള്ളില് പത്തിരുപത് ആനകള് നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്ക്കാര് ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള് എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്. ഗുരുവായൂര് ആനക്കോട്ടയില് 37 ആനകളുണ്ട്.
നാട്ടില് ആനകളുടെ പ്രജനനത്തിന് പരിമിതികളേറെയാണ്. ഗര്ഭകാലം 20-23 മാസം. പ്രസവശേഷം തള്ളയാനയെയും കുട്ടിയെയും അഞ്ചു വര്ഷത്തോളം പരിപാലിക്കണം. വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്നിന്ന് നാട്ടിന്പുറം വ്യത്യസ്തമായതിനാല് നാട്ടില് ആനക്കുട്ടി ഉണ്ടാവാന് സാധ്യത കുറവാണ്.
വഴി തെറ്റി നാട്ടിലേക്കു വന്നതും ഒഴുകി വന്നതുമായ നാലഞ്ച് കുട്ടിയാനകളെ വനംവകുപ്പ് പരിപാലിക്കുന്നുണ്ട്. എന്നാല് തമിഴ്നാട്ടിലും കര്ണാടകയിലുമൊക്കെ ബ്രീഡിംഗ് സൗകര്യമുണ്ട്. കേരളത്തില് കാട്ടില് പെരുകി നാട്ടുകാര്ക്ക് ഭീഷണിയായ കൊലകൊമ്പന്മാരെ പിടികൂടി ആനക്കൊട്ടിലുകളില് കുങ്കിയാനകളെക്കൊണ്ട് മെരുക്കുകയാണ് പരിഹാരം.
പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, ജോലിഭാരം, തെറ്റായ ആഹാരരീതി എന്നിവയാണ് മരണനിരക്ക് അസാധാരണമായി വര്ധിക്കാന് കാരണം.പാദരോഗം, എരണ്ടക്കെട്ട് എന്നിവ ബാധിച്ചും ആനകള് ചരിയുന്നുണ്ട്. ദിവസം 250 ലിറ്റര് വെള്ളവും 150-250 കിലോ വരെ തീറ്റയും ആനയ്ക്ക് വേണം.
പൊതുവേ തണുത്ത അന്തരീക്ഷമാണ് താത്പര്യം. പുറമെ പ്രകടമാകാത്ത അസുഖം വന്നാല് കണ്ടെത്താനുള്ള ആധുനിക ചികിത്സാ സംവിധാനവും ആശുപത്രിയും സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രധാന പരിമിതി. വനം വകുപ്പിനു കീഴില് കോട്ടൂര്, കോന്നി, വയനാട്, ധോണി, കാപ്രിക്കാട് എന്നിവടങ്ങളില് ആന പരിപാലന കേന്ദ്രങ്ങളുണ്ട്.