കണ്ണൂർ: ഇ.പി. ജയരാജനെതിരെ ഫേയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് മരുമകൻ ശ്യാംജിത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിനെ തുടർന്ന് മുൻ എംഎൽഎ ജെയിംസ് മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ശ്യാംജിത്ത് ആരോപിച്ചു.
ശ്യാംജിത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം
ഇന്ന് എന്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യിൽ, എന്റെ പ്രിയപ്പെട്ട സഖാവ് ഇ. പി. ജയരാജനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ശബരിമലയിൽ ആയതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.
എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാൻ മനപൂർവ്വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാൻ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.
ആയതിനാൽ, എല്ലാ മാധ്യമപ്രവർത്തകരോടും പ്രത്യേകിച്ച് റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യർഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്.
എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് വിശദീകരിക്കുന്നതുമാണ്. എല്ലാവരും വസ്തുതകൾ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്ന് അഭ്യർഥിക്കുന്നു.
