ക്രിസ്തുമസ് സമ്മാനം നല്‍കി ‘കാര്യം സാധിക്കാമെന്ന്’ ആരും വിചാരിക്കേണ്ട! വിലക്കേര്‍പ്പെടുത്തി എറണാകുളം കളക്ടര്‍; പ്രവേശന കവാടങ്ങളില്‍ ഉടന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും

പഴയ കാലം പോലെയല്ല, കളക്ടര്‍മാരെല്ലാം നല്ല ചുണക്കുട്ടന്മാരും മിടുമിടുക്കരുമാണ് എന്ന് പ്രായഭേദമന്യേ എല്ലാവരും പറഞ്ഞു തുടങ്ങി. അതിന് തെളിവാകുന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം കളക്ടറാണ് ഇത്തവണ താരമായിരിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സര സീസണുകള്‍ മുതലാക്കി കളക്ടറേറ്റിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കാര്യം സാധിക്കാന്‍ എത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് ഇത്തവണ എറണാകുളം കളക്ടര്‍, മുഹമ്മദ് സഫിറുള്ള താരമായത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പുതുവത്സര- ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കളക്ടര്‍. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും ഉടന്‍ സ്ഥാപിക്കും.

മധുര സമ്മാനങ്ങളുമായി ഉദ്യോഗസ്ഥര്‍ക്ക് പുതുവത്സരം ആശംസിക്കാനെത്തിയ മുപ്പതോളം പേരെ കാക്കനാട് കളക്ടറേറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തടഞ്ഞിരുന്നു. ഏതാനും ദിവസമായി കേക്കും ഡയറികളും ഉള്‍പ്പെടെയുളള സമ്മാനങ്ങളുമായി ഒട്ടേറെ പേരാണ് കളക്ടറെയും മറ്റു ഉദ്യോഗസ്ഥരെയും കാണാനെത്തുന്നത്. ഇവരെ കവാടത്തില്‍ വച്ചുതന്നെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ കൂടുതല്‍ പേരും എത്തുന്നത് കാര്യങ്ങള്‍ സാധിക്കാന്‍ ആണത്രെ. ഇനിയുളള ദിവസങ്ങളില്‍ സമ്മാനങ്ങളുമായി വരുന്നവരുടെ തിരക്ക് കൂടുമെന്നതിനാലാണ് കവാടത്തിന് പുറത്ത് ബോര്‍ഡ് സ്ഥാപിക്കുന്നത്.

പുറത്തുനിന്നുളള പുതുവത്സര സമ്മാനങ്ങള്‍ വാങ്ങരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കളക്ടര്‍ മുഹമ്മദ് സഫിറുല്ല അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും പുതുവത്സര സമ്മാനങ്ങള്‍ കൈപ്പറ്റുന്നില്ല. ഓഫീസുകളില്‍ സല്‍ക്കാരങ്ങളും നിരോധിച്ചിട്ടുണ്ട്.

Related posts