ഒരിക്കലെങ്കിലും കഞ്ചാവ് വലിച്ചിട്ടുള്ളവരെ കാത്തിരിക്കുന്നത് ! കഞ്ചാവിന്റെ ഒറ്റത്തവണത്തെ ഉപയോഗം പോലും കൗമാരക്കാരുടെ ഭാവി മാറ്റി മറിച്ചേക്കാം;കഞ്ചാവ് തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെ…

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവാണ് കഞ്ചാവ്. വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന കഞ്ചാവ് ചില രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നിരോധിത വസ്തുവാണ്. ഇന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ തഴച്ചു വളരുന്നത്. ഒരു തവണ മാത്രം കഞ്ചാവ് വലിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നു കരുതുന്നവരാണ് ഒട്ടുമിക്ക കൗമാരക്കാരും.

എന്നാല്‍ കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം പോലും കൗമാരക്കാരിലെ തലച്ചോറില്‍ ഏറെ ആശങ്കാകരമായ രീതിയില്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇത് കുട്ടികളിലെ പേടിയേയും വെപ്രാളത്തെയും വര്‍ധിപ്പിക്കുന്ന തത്തിലുള്ള മാറ്റമാണ് തലച്ചോറില്‍ സൃഷ്ടിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 14 വയസ് പ്രായമായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇവരില്‍ കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്സി തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇവരുടെ സ്വഭാവത്തില്‍ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നുമാണ് പഠനം പറയുന്നത്. അതായത് തലച്ചോറിലെ ചില പേശികള്‍ക്ക് വല്ലാതെ കട്ടി കൂടുന്നുവെന്നും ഇത് കൗമാര കാലത്ത് തലച്ചോറില്‍ നടക്കേണ്ട പ്രവര്‍ത്തനത്തിന്റെ വിപരീതമാണെന്നും വിദഗ്ധര്‍ പറയുന്നു. കൗമാരത്തില്‍ സാധാരണയായി തലച്ചോറിന് കട്ടി അല്‍പം കുറയുന്ന പ്രവണതയുണ്ട്.

ഇംഗ്ലണ്ട്, അയര്‍ലെന്റ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. തലച്ചോറിലെ ഗ്രേ മാറ്റര്‍ എന്ന ഘടകത്തിന്റെ അളവില്‍ വ്യത്യാസം കണ്ടിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. തലച്ചോറിലെ അമിഡല, ഹിപ്പോകാമ്പസ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന വ്യത്യാസം കുട്ടികളിലെ വികാരങ്ങള്‍, പേടി, ഓര്‍മ്മ ശക്തി, അഭിരുചി എന്നിവയെ സാരമായി ബാധിക്കും. വെറും ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പോലും ഈ അവസ്ഥയുണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts