റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ളവരുടെ സര്‍വേ ഫലങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനേറെ! ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്നും സൂചന; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നതിങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന എന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍ , മിസോറാം ചത്തീസ്ഡഢ് എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇതിനെല്ലാം മുന്നോടിയായി പുറത്തെത്തിയിരിക്കുകയുമാണ്. എന്നാല്‍ കേന്ദ്രവും ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്ന മിക്ക സംസ്ഥാനങ്ങളും കയ്യടക്കിയിരിക്കുന്ന ബിജെപിയ്ക്ക് പക്ഷേ അത്ര പ്രതീക്ഷ നല്‍കുന്നതല്ല, പുറത്തു വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം.

പങ്കെടുത്ത ഒട്ടുമിക്ക സര്‍വേകളും കണ്ടെത്തിയിരിക്കുന്നത് അഞ്ചില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നത്.

തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ ഭരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രാജസ്ഥാനില്‍ 140 നടുത്ത് സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബി.ജെ.പിയ്ക്ക് 72 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

ടൈംസ് നൗവും രാജസ്ഥാനില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പിക്കുന്നു. 85 സീറ്റ് നേടുമെങ്കിലും ബി.ജെ.പിയ്ക്ക് അധികാരം നഷ്ടപ്പെടും. 105 സീറ്റാണ് കോണ്‍ഗ്രസിന് ടൈംസ് നൗ സി.എന്‍.എക്സ് സര്‍വേഫലം പ്രവചിക്കുന്നത്.

112 സീറ്റാണ് ന്യൂസ് എക്സ്-നേതാ സര്‍വേഫലത്തില്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 80 സീറ്റ് ബി.ജെ.പിയ്ക്ക്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്.

അതേസമയം ടൈംസ് നൗവും റിപ്പബ്ലിക്-ജന്‍ കീ ബാതും, ബി.ജെ.പിയ്ക്കൊപ്പാണ്. ഇന്ത്യ ടുഡേ, ന്യൂസ് എക്സ്, റിപ്പബ്ലിക്-സീവോട്ടര്‍, എ.ബി.പി എന്നിവ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.

ഛത്തീസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ ടുഡേയും സീവോട്ടര്‍-റിപ്പബ്ലിക് ടി.വിയും കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൗവും ഇന്ത്യാ ടി.വിയും ബി.ജെ.പിയ്ക്കൊപ്പമാണ്.

തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലേറുമെന്ന് ഇന്ത്യാ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം രണ്ടാമത്. ഏതായാലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ അത്ര നല്ല പ്രതീക്ഷയല്ല, ബിജെപിയ്ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസിനാകട്ടേ, പ്രതീക്ഷിക്കാന്‍ ഏറെയും.

Related posts