വിചിത്രവും ദുരൂഹവുമായ മൂളല്‍ എവിടെ നിന്നെന്നറിയാതെ അന്തം വിട്ട് ഗവേഷകര്‍ ! മുന്നറിയിപ്പില്ലാത്ത ഭൂകമ്പങ്ങള്‍ ഏറിവരുന്ന ഭീതികരമായ അവസ്ഥ;നമുക്കറിയാത്ത കാര്യങ്ങള്‍ ലോകത്തുണ്ടെന്ന് ഗവേഷകരുടെ തുറന്നുപറച്ചില്‍…

എത്ര ബുദ്ധിമാനെന്ന് നടിച്ചാലും മനുഷ്യന് മനസ്സിലാക്കാന്‍ പറ്റാത്ത പല പ്രതിഭാസങ്ങളും ഭൂമിയിലുണ്ടാകുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു നവംബര്‍ 11ന് ഭൂമിയിലുണ്ടായ ദുരൂഹമായ ഒരു പ്രകമ്പനം.ലോകമെങ്ങുമുള്ള പല ഭൂകമ്പമാപിനികളും(സീസ്‌മോഗ്രാം) ഈ പ്രകമ്പനം ഒപ്പിയെടുത്തു. എന്നാല്‍ എന്താണിതിനു കാരണമെന്നു ശാസ്ത്രജ്ഞര്‍ക്കു വിശദീകരിക്കാനാകുന്നില്ല. വിചിത്രമായ ഒരുതരം ‘മൂളല്‍’ എന്നാണു ശാസ്ത്രജ്ഞര്‍ ഈ പ്രകമ്പനത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അസ്വസ്ഥപ്പെടുത്തുന്ന ആ പ്രകമ്പനത്തെ, മാസങ്ങളായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ട്‌ ദ്വീപസമൂഹത്തില്‍ കാണപ്പെട്ടുവരുന്ന പ്രകമ്പനങ്ങളുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു. അതുതന്നെയാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും.

ഇത്തരം പ്രകമ്പനങ്ങള്‍ക്കിടെയാണ് മൂന്നാഴ്ച മുന്‍പ് ദുരൂഹമായ ഒരു മൂളല്‍ ശാസ്ത്രലോകം കണ്ടെത്തിയത്. മറ്റു പ്രകമ്പനങ്ങളില്‍നിന്നു വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. വിചിത്രമായ, ദീര്‍ഘനേരം നില്‍ക്കുന്ന വിറയല്‍ പോലെ എന്തോ ഒന്ന് എന്നാണു ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. സാധാരണ ഭൂകമ്പമോ പ്രകമ്പനമോ പോലെയായിരുന്നില്ല അത്. ആകെ 20 മിനിറ്റോളം ഇത് തുടര്‍ന്നു. 17 സെക്കന്‍ഡ് ഇടവിട്ട് ഇതിന്റെ ആവൃത്തിയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.’നമുക്കറിയാത്ത ഒട്ടേറെ കാര്യങ്ങള്‍ ഈ ലോകത്തുണ്ടെന്നായിരുന്നു ഫ്രാന്‍സിലെ ബിആര്‍ജിഎം ഗവേഷണ സ്ഥാപനത്തിലെ സീസ്മിക് ആന്‍ഡ് വോള്‍ക്കാനിക് റിസ്‌ക് വിഭാഗം തലവനും റിസര്‍ച്ച് എന്‍ജിനീയറുമായ നിക്കോളാസ് തായ്ലെഫര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

മഡഗാസ്‌കറിന്റെയും മൊസാംബിക്കിന്റെയും ഇടയിലുള്ള ദ്വീപസമൂഹമാണു മയോട്ട്‌
. ഏകദേശം ആറുമാസത്തിനുമുന്‍പു മെയാട്ടിയുടെ കിഴക്കന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ ചെറിയതും എന്നാല്‍ നിരന്തരവുമായ നൂറുകണക്കിനു ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു. ഇത് അസ്വഭാവികമായ പ്രകമ്പനമായാണു വിലയിരുത്തുന്നത്. മേയ് 10ന് വന്ന ഭൂകമ്പം ഒരുതരത്തിലുമുള്ള മുന്നറിയിപ്പും നല്‍കാതെയുള്ളതായിരുന്നു. ഇതിനുപിന്നാലെയാണു നൂറുകണക്കിനു ഭൂകമ്പങ്ങള്‍ മേഖലയില്‍ ഉണ്ടായത്. ഇപ്പോഴും ഇവ തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇതില്‍ ഏറ്റവും ശ്രദ്ധേയം മേയ് 15ന് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ മേഖലയിലെ ഏറ്റവും വലിയ ഭൂകമ്പമാണ്. പിന്നീടുണ്ടായ ഭൂകമ്പങ്ങളൊക്കെ തീവ്രത കുറഞ്ഞ നിലയിലാണു സംഭവിച്ചത്. എന്നാല്‍ ഈയാഴ്ച 5.1 തീവ്രതയിലുണ്ടായ ഭൂകമ്പം മേയ് 15നെ ഓര്‍മപ്പെടുത്തിയിരുന്നു. മാത്രമല്ല, ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്നു മറക്കരുതെന്ന മുന്നറിയിപ്പുമായിരുന്നു അത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഭൂമിക്കടിയില്‍ ചലനങ്ങളുണ്ടാകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് മൂളലും പ്രകമ്പനവുമെന്നുമാണു പ്രാഥമിക വിലയിരുത്തല്‍. ജിപിഎസ് വിവരങ്ങള്‍ അനുസരിച്ച് മെയാട്ടി ദ്വീപസമൂഹം ഈ പ്രകമ്പനങ്ങള്‍ക്കുപിന്നാലെ അതായത് ജൂലൈ മുതല്‍ കിഴക്കോട്ട് 60 മില്ലീമീറ്ററും (2.4 ഇഞ്ച്) തെക്കോട്ട് 30 മില്ലീമീറ്ററും (1.2 ഇഞ്ച്) നീങ്ങിയെന്നാണു വ്യക്തമാകുന്നത്.

ആഫ്രിക്കന്‍ വന്‍കരയ്ക്കപ്പുറവും ഈ വിചിത്രമൂളല്‍ എത്തി. ഫ്രഞ്ച് അധീനതയിലുള്ള മെയാട്ടീ ദ്വീപിനു സമീപമുണ്ടായ ഈ മൂളല്‍ സാംബിയ, കെനിയ, ഇത്യോപ്യ രാജ്യങ്ങളിലെ സെന്‍സറുകള്‍ പിടിച്ചെടുത്തതിനു പിന്നാലെ മൈലുകള്‍ കടന്നു ചിലെ, ന്യൂസീലന്‍ഡ്, കാനഡ, ഹവായ് എന്നിവിടങ്ങളിലും എത്തി. 20 മിനിറ്റിലധികം ഉണ്ടായിരുന്ന ഈ പ്രകമ്പനം പക്ഷേ, മനുഷ്യര്‍ക്കു തിരിച്ചറിയാനാകും വിധം ശക്തമായിരുന്നില്ല. പ്രദേശത്തെ അഗ്നിപര്‍വതങ്ങളും ഈ പ്രതിഭാസത്തിനു കാരണമായേക്കാമെന്നാണ് പാരീസിലെ ഗവേഷകര്‍ പറയുന്നത്.

Related posts