മുള്ളൻപന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയ യുവാവിന് ദാരുണാന്ത്യം;  മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ഫയർഫേഴ്സ് മൃതദേഹം  പുറത്തെടുത്തു

കാസർഗോഡ്: ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടിക്കാൻ ഗുഹയിൽ കയറി ശ്വാസംമുട്ടി മരിച്ച യുവാവിന്‍റെ മൃതദേഹം അഗ്നിശമനസേന പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്‍റെ മൃതദേഹം പുറത്തെത്തിക്കാനായത്. ധർമത്തടുക്ക ബാളിഗെയിലെ രമേശ് (35) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ഗുഹയ്ക്കുള്ളിൽ കയറിയ മുള്ളൻപന്നിയെ പിടിക്കാൻ യുവാവ് പിന്നാലെ കയറിയത്. അയൽക്കാരോട് വിവരം പറഞ്ഞ ശേഷമാണ് രമേശ് ഒരാൾക്ക് മാത്രം കയറാവുന്ന ഗുഹയിലേക്ക് മുള്ളൻപന്നിക്ക് പിന്നാലെ പോയത്. ഏറെനേരം കഴിഞ്ഞും യുവാവിനെ കാണാതെ വന്നതോടെ പ്രദേശവാസികളായ നാല് പേർ തിരയാൻ ഗുഹയ്ക്കുള്ളിൽ കയറി. എന്നാൽ കുറച്ചുദൂരം പോയപ്പോൾ ശ്വാസ തടസം അനുഭവപ്പെട്ടതിനാൽ ഇവർ തിരിച്ചിറങ്ങുകയായിരുന്നു.

തുടർന്നാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പിന്നീട് ഫയർഫോഴ്സും പോലീസും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്‍റെ അടുത്തെത്തിയത്. വായു സഞ്ചാരമില്ലാതിരുന്ന ഗുഹയിൽ 60 മീറ്ററോളം ഉള്ളിലായിരുന്നു മൃതദേഹം. വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.

Related posts