നീ പോയാല്‍ എനിക്കൊന്നുമില്ല! വിവാഹത്തലേന്ന് ഫേസ്ബുക്ക് കാമുകനുമായുള്ള കാമുകിയുടെ ഒളിച്ചോട്ടവും അതുവഴി തനിക്ക് കിട്ടിയ തേപ്പും ആഘോഷമാക്കി യുവാവ്; ചിത്രങ്ങള്‍ വൈറല്‍

ജാതിയോ മതമോ ഒന്നും നോക്കാതെ സ്‌നേഹിച്ച പുരുഷനൊപ്പം ജീവിക്കാനായി ഇറങ്ങിത്തിരിച്ച പെണ്‍കുട്ടിയുടെയും തന്നെ വിശ്വസിച്ച് ഇറങ്ങി വന്ന അവള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത യുവാവിന്റെയും ജീവിതം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുമ്പോള്‍ മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നു. വിവാഹത്തലേന്ന് ഫേസ്ബുക്ക് കാമുകനുമായി ഒളിച്ചോടിയ യുവതിയുടേതാണ് അത്.

കാമുകനുമായുള്ള വിവാഹത്തിന്റെ തലേദിവസം യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാടിനടുത്ത് നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് നാലു വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്.

പിതാവിന്റെ ബന്ധുവായ യുവാവുമായി പെണ്‍കുട്ടി നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധം ആദ്യം അംഗീകരിച്ചില്ല. ഒടുവില്‍ ഇരുവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് 18 വയസായതോടെ വിവാഹ ആലോചനയുമായി ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണിന്റ വീട്ടിലെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം തീരുമാനിച്ചു.

വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടി കാമുകനൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട് ടൗണിലെത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി. തുടര്‍ന്ന് നീലേശ്വരത്ത് എത്തി കാമുകനോടു യാത്ര പറഞ്ഞു പോയി.

എന്നാല്‍ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാത്തിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. അപ്പോഴേക്കും മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ പെണ്‍കുട്ടി കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നല്‍കി. ഇതോടെ കല്യാണ വീട്ടിലെ ആഘോഷങ്ങള്‍ നിലച്ചു. സദ്യക്കായി വാങ്ങിയ സാധനങ്ങള്‍ തിരികെ നല്‍കി.

ഇത്രയും കാര്യങ്ങള്‍ പലയിടത്തും നടന്നിട്ടുള്ളതാണ്. നടന്നതായി കേട്ടിട്ടുമുണ്ടാവാം. എന്നാല്‍ അത് കഴിഞ്ഞ് സംഭവിച്ച കാര്യങ്ങളാണ് വ്യത്യസ്തമായത്. ഇത്രയും കാലം ഒരു പെണ്‍കുട്ടിയ്ക്കുവേണ്ടി കാത്തിരുന്ന്, അവളെ സ്വപ്‌നം കണ്ട്, അവളുമായുള്ള വിവാഹത്തിനായി സര്‍വതും ഒരുക്കി കാത്തിരുന്ന യുവാവ് അവള്‍ ചതിച്ചപ്പോള്‍ ചെയ്ത കാര്യമാണ് വാര്‍ത്തയായത്.

ലോലഹൃദയരാണെങ്കില്‍ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചേക്കാവുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെങ്കിലും കാമുകിയുടെ ഒളിച്ചോട്ടം ആഘോഷമാക്കിയിരിക്കുകയാണ് ഈ യുവാവ്. സുഹൃത്തുക്കളോട് ചേര്‍ന്ന് നീ പോയാല്‍ എനിക്കൊന്നുമില്ല എന്നെഴുതിയ കേക്കു മുറിച്ചാണ് തനിക്ക് കിട്ടിയ ഉഗ്രന്‍ തേപ്പിനെ യുവാവ് ആഘോഷിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ചിത്രങ്ങളും വാര്‍ത്തയും കാണുന്നവരെല്ലാം ഈ യുവാവിനെ അഭിനന്ദിക്കുകയുമാണ്.

Related posts