നാം കാണുന്ന പളപളപ്പുകൾക്കിടയിൽ ജീവിക്കുന്ന ജന്മങ്ങൾ, ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണ്: ഒരു പ്രവാസി യുവാവിന്‍റെ കരളലിയിക്കുന്ന കുറിപ്പ് വൈറലാകുന്നു

കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണ് ഓരോ പ്രവാസികളും. നാട്ടിൽ വരുമ്പോൾ ഗൾഫ്കാരനെന്ന് പറയുമെങ്കിലും എത്ര യാതനകൾ സഹിച്ചാണ് അവർ കഴിയുന്നതെന്ന് പലർക്കും അറിയില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് ഫാസിൽ മൂസ എന്ന യുവാവ് ഫേസ്ബുക്കിലിട്ട ഹൃദയസ്പർശിയായ കുറിപ്പ്. യാത്രയ്ക്കിടെ കണ്ടുമുട്ടിയ മലയാളിയുടെ കഷ്ടപ്പാടിനെക്കുറിച്ചാണ് ഫാസിൽ തന്‍റെ കുറിപ്പിൽ പങ്കുവയ്ക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പതിനഞ്ചുവർഷമായി പ്രവാസിജീവിതം നയിക്കുകയാണ്. രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയിൽ സ്വന്തം ജീവിതം പോലും ഇദ്ദേഹം കണക്കിലെടുത്തില്ല.

ഇതിനിടെ ജോലിസ്ഥലത്തുവച്ച് വലിയ അപകടത്തിൽ പെട്ടതോടെ ഭാരിച്ച ജോലികളൊന്നും ചെയ്യാൻ സാധിക്കാതെ വന്നു. പിന്നീട് ഒരു കംബനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഈ ജോലിയും നഷ്ടപ്പെട്ടു. വിസ കാൻസൽ ചെയ്തു നാട്ടിലേക്ക്‌ മടങ്ങാൻ നേരം കൈയിൽ ബാക്കിയുണ്ടായിരുന്നത് ആയിരം ഇന്ത്യൻ രൂപയാണ്. ഒപ്പം നാട്ടിൽ രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും.

എന്നാൽ മടക്കയാത്രയ്ക്കായി ഷാർജ വിമാനത്താവളത്തിൽ എത്തിയപ്പോഴും വിധി മറിച്ചായിരുന്നു. ജോലി ചെയ്ത കമ്പനിയുടെ ഒരു ഫൈൻ അടച്ചാൽ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരിച്ചയച്ചു. അങ്ങനെ ഷാർജ വിമാനത്താവളത്തിൽ നിന്നും കാൽനടയായി റാസൽഖൈമയ്ക്ക്‌ തിരിച്ചു. 28 കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് ഫാസിൽ ഇദ്ദേഹത്തെ കണ്ടത്.

കുറച്ച് പണം നീട്ടിയപ്പോൾ അദ്ദേഹം ഭക്ഷണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫാസിൽ പറയുന്നു. ഭക്ഷണവും കുറച്ചു പണവും നല്കി റാസൽഖൈമയിലെ സഹപ്രവർത്തകന്‍റെ വീട്ടിൽ കൊണ്ടുവിടുമ്പോൾ അദ്ദേഹത്തിനെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നുവെന്നും ഫാസിൽ കുറിപ്പിൽ‌ പറയുന്നു.

നാം കാണുന്ന പളപളപ്പുകൾക്കിടയിൽ ജീവിക്കുന്ന ജന്മങ്ങൾ, ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണ്, ഇങ്ങനെയുള്ളവരെ കാണുമ്പോഴാണു നമുക്ക്‌ ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ധാലുവാകുക എന്നും കൂട്ടിച്ചേർത്തുകൊണ്ടാണ് ഫാസിൽ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related posts