ഹനാന്റെ കാര്‍ അപകടത്തിന്റെയും ആശുപത്രി വാസത്തിന്റെയും ലൈവ് വീഡിയോ നല്കിയ ഓവര്‍സ്മാര്‍ട്ടായ ഫേസ്ബുക്ക് പേജ് നിരീക്ഷണത്തില്‍, അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ ലൈവ് ചെയ്യാന്‍ ആളെത്തിയതില്‍ ദുരൂഹത

മീന്‍ വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ഹനാന് കഴിഞ്ഞദിവസം ഉണ്ടായ കാര്‍ അപകടത്തില്‍ ദുരൂഹത. ഇക്കാര്യം ഹനാന്‍ തന്നെ വ്യക്തമാക്കിയതോടെ പരാതി നല്കാനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം. അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തി ഫേസ്ബുക്കില്‍ ലൈവ് സംപ്രേക്ഷണം നടത്തിയ ഒരു ഫേസ്ബുക്ക് പേജിനെതിരേയും യുട്യൂബ് ചാനലിനെതിരേയും പരാതി കൊടുക്കുമെന്ന് ഹനാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഫേസ്ബുക്ക് പേജിന്റെ ആളുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അപകട സ്ഥലത്ത് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ പോലീസ് അന്വേഷിക്കുമെന്നും സൂചനയുണ്ട്. ഹനാനെ മനപൂര്‍വം ആരെങ്കിലും അപകടപ്പെടുത്താന്‍ ശ്രമിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തി. താന്‍ പേരുപോലും കേള്‍ക്കാത്ത മാധ്യമം തങ്ങളുടെ എക്സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല.

തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു, ഇപ്പോഴും തന്നെ ഇവര്‍ ശല്യം ചെയ്യുകയാണെന്നും ഹനാന്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണ്. താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു… ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാന്‍ പറയുന്നു.

Related posts