കൊച്ചി: ഉച്ചയൂണിനൊപ്പം അല്പം മീന്‍ വിഭവംകൂടി നിര്‍ബന്ധമുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ച് തീരദേശവാസികള്‍. അറബിക്കടലില്‍ തുടര്‍ച്ചയായി രണ്ട് കപ്പലുകള്‍ അപകടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ മത്സ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പരന്നിരുന്നു.
കപ്പലില്‍ നിന്ന് കടലിലേക്ക് വീണ കണ്ടെയ്നറുകളില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ഉണ്ടെന്നും അത് ശ്വസിച്ച മത്സ്യം കഴിച്ചാല്‍ മാരകമായ രോഗാവസ്ഥയ്ക്കിടയാക്കും എന്നൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് സമുദ്രപഠന ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ.
മത്സ്യം യാതൊരുവിധ ഭയാശങ്കയും കൂടാതെ കഴിക്കാമെന്നാണ് സിഎംഎഫ്ആര്‍ഐയുടെ ശാസ്ത്രജ്ഞന് ഗ്രീന്‍സണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കപ്പല്‍ അപകടപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനകളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ മത്സ്യങ്ങളില്‍ അപകടകരമായ നിലയില്‍ വിഷാംശം കടന്നുകൂടിയിട്ടില്ലെന്ന് കണ്ടെത്തി.
അതിനാല്‍ സമുദ്ര മത്സ്യം കഴിക്കുന്നതില്‍ ഒരു വിധത്തിലുമുള്ള ഭയമോ ആശങ്കയോ വേണ്ടതില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാറിന് കൈമാറും.