അയ്യോ എനിക്കെന്‍റെ അച്ഛനെ കാണണേ…എനിക്ക് പേടി ആകുന്നേ… ദു​ബാ​യ്-ക​ണ്ണൂ​ർ വി​മാ​ന​ത്തി​ൽനി​ന്നു മലയാളി യു​വ​തി ഇ​റ​ങ്ങി ഓ​ടി

ത​ല​ശേ​രി: ചെക്കിം​ഗ് നടപടികൾ ക​ഴി​ഞ്ഞ് വി​മാ​ന​ത്തി​നു​ള്ളി​ലെത്തി​യ മലയാളി യു​വ​തി അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​നു​ള്ളി​ൽനി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ദു​ബാ​യ് വി​മാ​നത്താവ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ലാ​ണ് നാ​ട​കീ​യ​വും അ​പ​ക​ട​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ദു​ബാ​യി​ൽനി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​എ​ക്സ് 748 ാം ന​മ്പ​ർ എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽനി​ന്നാ​ണ് മുപ്പതോളം വയസ് വരുന്ന യു​വ​തി ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​ത്.

ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വി​മാ​ന​ത്തി​ൽ ക​യ​റി​യ യു​വ​തി സീ​റ്റി​ൽ ഇ​രി​ക്കാ​തെ പൈ​ല​റ്റ് ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള വാ​തി​ലി​ന​ടു​ത്ത് പോയി നിൽക്കുകയായിരുന്നു. യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ യു​വ​തി​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ചു.

പേ​ടി​യാ​ണെ​ന്നും ത​നി​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടെ​ന്നും അ​ച്ഛ​നെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു വാ​തി​ലി​നു പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ വി​മാ​ന ജീ​വ​ന​ക്കാ​ർ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രെ വെ​ട്ടി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ ജീ​വ​ന​ക്കാ​രും അ​മ്പ​ര​ന്നു.

വി​മാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ഓ​ടി ഇ​റ​ങ്ങി​യ യു​വ​തി​യെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് വ​ള​ഞ്ഞെ​ങ്കി​ലും അ​വ​ർ ഗ്രൗ​ണ്ട് സ്റ്റാ​ഫി​നെ​യും വെ​ട്ടി​ച്ച് ത​ല​ങ്ങും വി​ല​ങ്ങും വി​മാ​ന​ത്തി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്നു.

തു​ട​ർ​ന്ന് ദു​ബാ​യ് പോ​ലീ​സ് എ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. യുവതിയുടെ യാത്ര മുടങ്ങി. ഇവരുടെ വിലാസം വ്യക്തമായിട്ടില്ല. വിമാനത്തിൽ ഏറെയും മലയാളികളായിരുന്നു. അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​യി​ലു​ള്ള യു​വ​തി​യു​ടെ പ്ര​ക​ട​നം ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യും വി​മാ​നം പു​റ​പ്പെ​ടാ​ൻ 25 മി​നി​റ്റ് വൈ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കൃ​ത്യ സ​മ​യ​ത്തി​ന് പ​ത്ത് മി​നി​റ്റ് മു​മ്പ് വി​മാ​നം ക​ണ്ണൂ​രി​ൽ ലാ​ൻ​ഡ് ചെ​യ്തു.Related posts

Leave a Comment