ക്യാമ്പില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വീട്ടിലും പരിസരത്തും നിറയെ പാമ്പുകള്‍ ! വീട്ടിനകത്തു മാത്രം കണ്ടത് 35 പാമ്പുകളെ; വീട്ടമ്മയുടെ ഞെട്ടിക്കുന്ന അനുഭവം…

കേരളത്തെ ബാധിച്ച പ്രളയം ഏറെക്കുറെ വിട്ടൊഴിഞ്ഞെങ്കിലും കെടുതികള്‍ അവസാനിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ പലരെയും കാത്തിരുന്നത് പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളായിരുന്നു. ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ ഒരു വീട്ടമ്മയ്ക്കുണ്ടായ അനുഭവം ആരെയും പേടിപ്പെടുത്തുന്നതാണ്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴുണ്ടായ സംഭവത്തെപ്പറ്റി വീട്ടമ്മ പറയുന്നതിങ്ങനെ…

ഭര്‍ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടു മക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയില്‍ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്. വീട്ടിനകത്തേക്കു കയറിയപ്പോള്‍ അവിടെ വരവേറ്റത് പാമ്പുകളായിരുന്നു വീടിനുള്ളില്‍ നിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു.വീട്ടമ്മ പറയുന്നു.

ശനിയാഴ്ചയാണ് ഇവരുടെ ഭര്‍ത്താവ് 50 കിലോയുടെ അരിച്ചാക്കുമായി വന്നത്. എന്നാല്‍ ഇന്ന് അതു മുഴുവനും കുതിര്‍ന്നു വീര്‍ത്ത് തറയിലെ ചെളിയില്‍ കിടക്കുകയാണ്. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ വീടു വെള്ളത്തിനടിയിലായിരുന്നു. വീട്ടില്‍ വെള്ളമിറങ്ങിയെങ്കിലും സഹിക്കാനാവാത്ത ദുര്‍ഗന്ധമാണ്.പത്തുതവണ കഴുകിയാലും വീട്ടില്‍ കയറി താമസിക്കാനാകുമോ എന്ന് അറിയില്ല. അവര്‍ പറയുന്നു…

ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും മിക്‌സിയും എല്ലാം നശിച്ചു. മരപ്പണിക്കാരനായ ഭര്‍ത്താവ് 15 വര്‍ഷം ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണിതെല്ലാം. വീടിന്റെ പണി മുഴുവന്‍ തീര്‍ന്നിട്ടില്ല. ലോണ്‍ ഒരുപാടു ബാക്കിയടയ്ക്കാനുണ്ട്. ഭര്‍ത്താവിന്റെ പണിയായുധങ്ങള്‍ എല്ലാം നശിച്ചു. എന്റെ തയ്യല്‍ മെഷീനും പോയി. സ്റ്റീല്‍-അലൂമിനിയം പാത്രങ്ങളല്ലാതെ ഒന്നും ഇനി ഉപയോഗിക്കാന്‍ കൊള്ളില്ല.എല്ലാം ആദ്യം മുതല്‍ തുടങ്ങണം. ശുചിമുറി ചെളി കയറി അടഞ്ഞു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയതു കിണറ്റിലേക്കു പടര്‍ന്നിട്ടുണ്ട്. വീടു വൃത്തിയായി കഴുകിയിട്ടുവേണം കിണര്‍ വറ്റിക്കാന്‍. മോട്ടോറും പമ്പും കേടായതിനാല്‍ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും.

ക്ലോറിനും ഫിനോളും ക്യാമ്പില്‍ വിതരണം ചെയ്തിരുന്നു. സോപ്പ് പൊടി ഇട്ടു കഴുകിയ ശേഷം അണുനാശിനി ഉപയോഗിച്ചു കഴുകണം. ക്യാമ്പില്‍ നിന്നു നേരെ പോന്നതാണ്. വീട്ടില്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ല. എങ്കിലും സാരമില്ല, എത്രയം വേഗത്തില്‍ വൃത്തിയാക്കിയെടുക്കണമെന്ന ആഗ്രഹമേ എനിക്കുള്ളു. മാറാന്‍ വേറെ വസ്ത്രങ്ങളില്ല. വീട്ടിലെ അഴുക്കു മുഴുവന്‍ വസ്ത്രങ്ങളിലായി. ഇട്ടിരിക്കുന്ന തുണികള്‍ ക്യാംപില്‍നിന്ന് കിട്ടിയതാണ്. മക്കളുടെ പാസ്‌പോര്‍ട്ടും വീട്ടിലെ രേഖകളും നശിച്ചു. രേഖകളെല്ലാം സര്‍ക്കാര്‍ ശരിയാക്കിത്തരുമെന്ന് ക്യാമ്പില്‍ പറയുന്നതു കേട്ടു. പക്ഷേ, എന്റെ മക്കളുടെ സര്‍ട്ടിഫിക്കറ്റുകളൊക്കെ നശിച്ചുപോയതു കാണുമ്പോള്‍ ചങ്കു തകരുന്നുണ്ട്. പഠിച്ചും പാടിയും പടം വരച്ചും ഓടിയും നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തരാന്‍ ആര്‍ക്കും കഴിയില്ലല്ലോ…വയറിംഗ് ഒന്നു കൂടി നടത്തേണ്ടി വരും. കഴിയുന്നത്ര സാധനങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കുമെന്നും കാരണം അവയിലൊക്കെ തന്റെ ഭര്‍ത്താവിന്റെ വിയര്‍പ്പിന്റെ മണം ഇപ്പോഴുമുണ്ടെന്നും ഇവര്‍ പറയുന്നു.

Related posts