സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. തന്റെ സുഹൃത്തിനെ സഹായിക്കാനായി ആഡംബര കാറിന്റെ ഡിക്കിയിൽ ബേക്കറി പലഹാരങ്ങൾ വിൽക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ജർമനിയിൽ മെഡിക്കൽ റിസർച്ച് സയന്റിസ്റ്റായി ജോലി ചെയുന്ന യുവാവ് തന്റെ 37 ലക്ഷം വില വരുന്ന ആഡംബര കാറിന്റെ ഡിക്കി തുറന്ന് അതിൽ വിവിധതരം ബേക്കറി പലഹാരങ്ങൾ നിരത്തിവെച്ച് വിൽക്കുന്ന അവധേഷാണ് വീഡിയോയിലെ താരം. ഹർഷ് ചൗഹാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഗുരുഗ്രാമിലെ സെക്ടർ 31 മാർക്കറ്റിൽ നിന്നുള്ള ഈ വീഡിയോ പങ്കുവെച്ചത്.
ഇങ്ങനെയുമുണ്ട് ഒരു സുഹൃത്ത്, 37 ലക്ഷത്തിന്റെ കാറിൽ സുഹൃത്തിനെ പിന്തുണയ്ക്കുന്നു, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവധേഷ് ഉയർന്ന ജോലിയിലാണെങ്കിലും തന്റെ സുഹൃത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഹർഷ് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
ജർമനിയിൽ മൂന്ന് വർഷമായി ജോലി ചെയ്യുന്ന അവധേഷ് അവധിക്കായി നാട്ടിൽ എത്തിയപ്പോൾ, ചട്ക്കാരാ ഓൺ വീൽസ്, എന്ന പേരിൽ തന്റെ സുഹൃത്ത് തുടങ്ങിയ ഭക്ഷണശാലയെ സഹായിക്കുകയായിരുന്നു അവധേഷിന്റെ ലക്ഷ്യം.
സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകയായിട്ടാണ് സോഷ്യൽ മീഡിയ ഈ വീഡിയോയെ ഏറ്റെടുത്തിരിക്കുന്നത്. “ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടാൻ ഭാഗ്യം വേണം, നമ്മൾ പുരുഷന്മാർ എപ്പോഴും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നിൽക്കും” എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നത്.
ഞങ്ങളുടെ സൗഹൃദം നിങ്ങൾക്ക് ഇത്രയധികം ഇഷ്ടപ്പെടുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, അപ്പോൾ നമ്മൾ പരസ്പരം സഹായിക്കണം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി, എന്നും ചട്ക്കാരാ ഓൺ വീൽസിന്റെ ഉടമയും വീഡിയോയ്ക്ക് താഴെ കുറിച്ചു.
