അരേ വാഹ്…അടി മക്കളേ ലൈക്ക് ! മന്ത്രി സുധാകരന്റെ പുതിയ കവിത ‘ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’ ശ്രദ്ധേയമാകുന്നു…

സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഒരു കവി കൂടിയാണ്. ഇതിനോടകം നിരവധി കവിതകള്‍ മന്ത്രിയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയിലും കവിത എഴുതാന്‍ സാധിക്കുന്ന സുധാകരന്‍ ഒരു അതുല്യ പ്രതിഭയാണെന്നാണ് ആരാധകപക്ഷം.

മന്ത്രിയുടെ പുതിയ കവിതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘ശിരസില്‍ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങ് വൈറലാവുകയായിരുന്നു.

‘കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’എന്ന് തുടങ്ങുന്ന ഈ കവിതയില്‍ കവി, ശിരസ്സില്‍ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്.

നാട്ടുകാര്‍ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മര്‍ത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാന്‍ ഇരയാകുന്ന കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകള്‍ തന്നെയാണ്.

ലോക്ക്ഡൗണ്‍ സമയത്ത് കൊറോണ കവിതയും മന്ത്രി രചിച്ചിരുന്നു. ഇതു കൂടാതെ ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകള്‍, ഇന്ത്യയെ കണ്ടെത്തല്‍, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യര്‍, അറേബ്യന്‍ പണിക്കാര്‍ തുടങ്ങി പത്തോളം സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്.

കവിതകളോട് പ്രിയം തോന്നി വായനക്കാരില്‍ ചിലര്‍ തന്നെ ഈണം കൊടുത്തു ചൊല്ലിയ സുധാകരന്റെ അപൂര്‍വം ചില കവിതകള്‍ യുട്യൂബിലും ലഭ്യമാണ്. ആരാണ് നീ ഈ ഒബാമ എന്ന കവിത, ചെങ്ങന്നൂര്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സാക്ഷാല്‍ ഒബാമക്ക് തന്നെ അയച്ചു നല്‍കുകയും ചെയ്തിരുന്നു.

ആത്മാര്‍ത്ഥമായൊരു ഹൃദയം തലച്ചോറിന് പകരം കൊണ്ടു നടക്കുന്ന തന്നെയും സഹതാപലേശമില്ലാത്ത ഈ കപടലോകം കൊഞ്ചുപോലെ വറുത്തു പൊടിച്ചു ഭുജിച്ചു കളയുമോ എന്ന ആശങ്കയിലാണ് കവി തന്റെ കവിത അവസാനിപ്പിക്കുന്നത്.

Related posts

Leave a Comment