ഗാമ വകഭേദത്തിന് സംഭവിച്ചിരിക്കുന്നത് മാരക വ്യതിയാനം ! മരണനിരക്ക് കുതിച്ചുയരും; പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

ലോകത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും വൈറസില്‍ ഉണ്ടാകുന്ന വകഭേദങ്ങള്‍ വന്‍ ആശങ്കയുയര്‍ത്തുകയാണ്.

ബ്രസീലില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഗാമ വകഭേദത്തിന്(P1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ് മരണങ്ങളില്‍ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലില്‍ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ ‘ഗാമ പ്ലസ്’ പതിപ്പ് പടര്‍ന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്.

ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും എംഐടി ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ജനറ്റിക് എപ്പിഡമോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാമയുടെ വ്യതിയാനം സംഭവിച്ച വകഭേദത്തിന് വ്യാപന ശേഷിയും മരണ നിരക്കും കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണികളുടെയും കുട്ടികളുടെയും മരണത്തിനും ഈ വകഭേദം കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രസീലിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതും പുതിയ വകഭേദം ആണെന്ന് കരുതുന്നു. 2020 ഡിസംബറില്‍ ആണ് P1 വകഭേദം ആദ്യമായി ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2021 ജനുവരിയില്‍ ബ്രസീലിലെ മാനൗസില്‍ വ്യാപകമായ രോഗപടര്‍ച്ചയ്ക്ക് ഗാമ കാരണമായി. 2020 മെയില്‍ മഹാമാരി ആഞ്ഞടിച്ച മാനൗസിലെ ജനങ്ങള്‍ക്ക് സ്വാഭാവികമായ സമൂഹ പ്രതിരോധം കോവിഡിനെതിരെ വന്നിട്ടുണ്ടാകും എന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ ഗാമ വകഭേദവും അതിനുണ്ടായ വ്യതിയാനങ്ങളും ഇവിടെ രണ്ടാം തരംഗത്തിന് കാരണമായി. അഞ്ച് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ മരണമടഞ്ഞത്. കോവിഡ് മരണങ്ങളില്‍ അമേരിക്കയുടെ മാത്രം താഴെയാണ് ബ്രസീലിന്റെ സ്ഥാനം.

Related posts

Leave a Comment