തനിക്ക് പ്രവേശനമില്ല! മാസ്‌ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍;വീഡിയോ കാണാം…

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം.

കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു.

ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു.

ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു.

ആരും തന്നെ ഭര്‍ത്താവിന്റെ സഹായത്തിന് എത്തിയില്ല. മകളെ വിളിച്ചാണ് ഭര്‍ത്താവ് വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ താന്‍ ഓട്ടോറിക്ഷയില്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ഭാര്യ പറയുന്നു.

മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കുപിതനായ സെക്യൂരിറ്റി ജീവനക്കാരന്‍ നിറയൊഴിക്കുകയായിരുന്നു.

കൊലപാതകശ്രമം എന്ന കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ബാങ്ക് ഓഫ് ബറോഡ ഖേദം പ്രകടിപ്പിച്ചു.

Related posts

Leave a Comment