നന്മ നിറഞ്ഞ ജെയ്‌സാലിന് സമ്മാനവുമായി വിനയന്‍, മുതുകു ചവിട്ടുപടിയാക്കിയ ചെറുപ്പക്കാരന് സമ്മാനിക്കുക ഒരു ലക്ഷം രൂപ, ഒറ്റമുറി ഷെഡില്‍ കഴിയുന്ന ജെയ്സലിന്റെ നന്മ ലോകമാധ്യമങ്ങളിലും

ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത മത്സ്യത്തൊഴിലാളി ജെയ്സലിന് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജെയ്സലിന് താന്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്കുവേണ്ടിയാണ് ജെയ്സല്‍ തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്തത്.

ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജെയ്സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് 25 കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്. അതേസമയം ജെയ്‌സാലിന്റെ നന്മ റോയിട്ടേഴ്‌സ്, ബിബിസ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സസ്യത്തൊഴിലാളി ജെയ്സലിന് ഒരുലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. ഈ വിവരം ഞാന്‍ ജെയ്സലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജെയ്സല്‍ ഫോണ്‍ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജെയ്സല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമുഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ചാനലിലൂടെ ജെയ്സലിന്റെ വീടിന്റവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും.

ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജെയ്സലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോത്സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ നാട്ടിലെ നന്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു.

Related posts