സെമിത്തേരിയില്‍ ചെന്ന് കല്ലറകള്‍ വൃത്തിയാക്കുന്ന കൗമാരക്കാരി ! നാലാം വയസില്‍ തുടങ്ങിയ ഈ ശീലത്തിനു പിന്നിലുള്ള കാരണം ഇങ്ങനെ…

ലോകത്ത് രണ്ട് തരത്തിലുള്ള ആളുകളാണുള്ളതെന്നു പറയാറുണ്ട്. മറ്റുള്ളവരെ അനുകരിച്ച് അവരുടേതു പോലെ ജീവിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍.

രണ്ടാമത്തെ ആളുകള്‍ സ്വന്തമായി പാത തെളിച്ച് അതിലൂടെ മുമ്പോട്ടു നീങ്ങുന്നവരാണ്. മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന സ്വഭാവശീലങ്ങള്‍ ഉള്ളവരാകും ഇക്കൂട്ടര്‍.

ടി ജെ ക്ലീമന്‍ എന്ന 12കാരിയായ ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടി രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ആളാണ്. കുട്ടിക്കാലത്ത് മറ്റുകുട്ടികളേപ്പോലെ അവള്‍ക്കും പ്രേതങ്ങളെ പേടിയായിരുന്നു.

എന്നാല്‍, ആ പേടി മാറ്റാന്‍ അവള്‍ എന്താണ് ചെയ്തതെന്നോ? സെമിത്തേരിയില്‍ പോയി ശവക്കല്ലറകള്‍ വൃത്തിയാക്കുക, അതും വെറും നാല് വയസ്സുള്ളപ്പോള്‍. ഇപ്പോള്‍ പ്രേതങ്ങളോടുള്ള അവളുടെ പേടിയെല്ലാം മാറിയെങ്കിലും, കല്ലറകള്‍ വൃത്തിയാക്കുന്നത് അവള്‍ ഇന്നും തുടരുന്നു.

എട്ട് വര്‍ഷം പിന്നിടുമ്പോള്‍, ഈ ജോലി അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ജീവിതാവസാനം വരെയും ഈ ജോലി തുടര്‍ന്നു കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അവള്‍ പറയുന്നത്.

2012-ലാണ് വടക്കുകിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ ട്വീഡ് ഹെഡ്‌സിലേയ്ക്ക് ക്ലീമനും കുടുംബവും താമസം മാറിയത്. അവളുടെ വീടിനടുത്തായി 3,500 -ലധികം ശവക്കല്ലറകളുള്ള ഒരു സെമിത്തേരിയുണ്ടായിരുന്നു.

അന്ന് അവള്‍ക്ക് വെറും നാലു വയസായിരുന്നു പ്രായം. അവളും ഇളയ സഹോദരന്‍ ഡാഷും രാത്രിയില്‍ ജനാലക്കരികിലെ നിഴലുകള്‍ കാണുമ്പോള്‍ പ്രേതങ്ങളാണെന്ന് കരുതി ഭയന്നിരുന്നു.

ഒടുവില്‍ അവരുടെ ഈ പേടി മാറ്റാന്‍ അമ്മ തബേത അവരെ ശ്മശാനത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. രണ്ട് മക്കളോടും പായല്‍ മൂടി കിടക്കുന്ന കല്ലറ വൃത്തിയാക്കാന്‍ അമ്മ നിര്‍ദേശിച്ചു. രണ്ട് സഹോദരങ്ങളും അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ചു.

എന്നാല്‍, അത് ക്ലീമന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ”ഞങ്ങള്‍ ആദ്യമായി ഇവിടെയ്ക്ക് താമസം മാറിയപ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. പക്ഷേ, ശവക്കല്ലറകള്‍ വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയേ ഉള്ളൂ കാര്യങ്ങള്‍ എന്ന് മനസ്സിലായി.

ഇപ്പോള്‍ ഇത് എന്റെ അഭിനിവേശമാണ്, സെമിത്തേരി എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടവും” അവള്‍ ഡെയ്ലി മെയില്‍ ഓസ്ട്രേലിയയോട് പറഞ്ഞു. മകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ സെമിത്തേരിയില്‍ പോകുമെന്ന് അമ്മ പറയുന്നു.

‘ഞങ്ങള്‍ അവളെ തനിച്ച് വിടാറില്ല. അവള്‍ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് കല്ലറ വൃത്തിയാകുന്നത്. അപ്പോള്‍ ഞങ്ങളും അവളുടെ കൂടെത്തന്നെ ഉണ്ടാകും. അവള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണെങ്കില്‍ അവള്‍ അത് ചെയ്യട്ടെ’ തബേത പറഞ്ഞു.

ആ എട്ടാം ക്ലാസ്സുകാരി വളരെ ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയാണ് കല്ലറകള്‍ വൃത്തിയാകുന്നത്. ആദ്യം തന്നെ അവള്‍ കല്ലറയുടെ മുകളില്‍ നിന്ന് വാടിയ പൂക്കളും, കരിയിലകളും തൂത്തു വാരി കളയും.

തുടര്‍ന്ന് കോണ്‍ക്രീറ്റില്‍ നിന്നും, ടൈലുകളില്‍ നിന്നും അഴുക്കും പൊടിയും ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കളയും. ഒടുവില്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് നന്നായി കഴുകും. സെമിത്തേരിയിലെ ആയിരക്കണക്കിന് ശവക്കല്ലറകള്‍ വൃത്തിയാക്കാന്‍ അവള്‍ക്ക് ഒരു വര്‍ഷമെടുക്കും.

എത്ര വൃത്താക്കിയാലും കാറ്റും, മഴയുമേല്‍ക്കുമ്പോള്‍ അവിടം വീണ്ടും വൃത്തികേടാവും. എന്നിരുന്നാലും അവള്‍ക്ക് വിഷമമില്ല, വീണ്ടും വീണ്ടും വൃത്തിയാക്കാന്‍ ഒട്ടും മടിയുമില്ല.

”ഇത് ഒരിക്കലും അവസാനിക്കാത്ത ഒരു ജോലിയാണെന്ന് അവള്‍ക്കറിയാം. പക്ഷേ, അവള്‍ അത് നന്നായി ചെയ്യുന്നു” അവളുടെ അമ്മ പറഞ്ഞു.

എല്ലാവരും ഒത്തുചേര്‍ന്ന് മുഴുവന്‍ സെമിത്തേരിയും വൃത്തിയാക്കാന്‍ ഒരു കമ്മ്യൂണിറ്റി വോളണ്ടിയര്‍ ദിനം ആരംഭിക്കുന്നത് ഉള്‍പ്പെടെ ഭാവിയിലേക്കുള്ള നിരവധി ലക്ഷ്യങ്ങള്‍ ടിജെക്ക് ഉണ്ട്.

കൂടാതെ കുടുംബങ്ങള്‍ക്ക് നേരിട്ട് വന്ന് നോക്കാന്‍ കഴിയാത്ത ശ്മശാന സ്ഥലങ്ങള്‍ വൃത്തിയാക്കുന്ന ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും അവള്‍ ആലോചിക്കുന്നു. അവളുടെ ഈ അസാധാരണമായ അഭിലാഷത്തെ കുറിച്ച് ഒരു സുഹൃത്തുക്കളോടും അവള്‍ പറഞ്ഞിട്ടില്ല.

എന്നിരുന്നാലും ഓസ്‌ട്രേലിയ ദിനത്തില്‍ ട്വീഡ് ഷെയറിന്റെ 2020 -ലെ യങ് ആച്ചീവര്‍ ഇന്‍ കമ്മ്യൂണിറ്റി സര്‍വീസ് ( Young Achiever in Community Service) പുരസ്‌കാരം അവള്‍ക്ക് ലഭിക്കുകയുണ്ടായി. തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ ആളുകള്‍ കല്ലറകള്‍ വൃത്തിയാക്കാന്‍ മുന്നോട്ട് വരുമെന്നാണ് ടിജെയുടെ പ്രതീക്ഷ.

Related posts

Leave a Comment