ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു, അഡ്മിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസ്, ഗ്രൂപ്പിന് പിന്നില്‍ മദ്യലോബിയെന്ന് സംശയം, അഡ്മിന് ഇനി കോടതി കയറിയിറങ്ങാം

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിനും അഡ്മിനുമെതിരേ പോലീസ് കേസെടുത്തു.

അഡ്മിനായ ടി.എല്‍. അജിത്ത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. 18 ലക്ഷത്തിലേറെ ആളുകള്‍ അംഗങ്ങളായിട്ടുള്ള സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പാണ് ജിഎന്‍പിസി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ്.

ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു ഗ്രൂപ്പ് അഡ്മിന്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല എന്നറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതികള്‍ വ്യാപകമായതോടെ ഗ്രൂപ്പിനെതിരേ പരാതി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്ന് അജിത്ത് കുമാര്‍ അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ജിഎന്‍പിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎന്‍പിസി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.

23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പില്‍ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ തന്നെയാണു ഗ്രൂപ്പില്‍ ഭൂരിഭാഗവും. വി വിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്.

കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്‍പിസിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ.

Related posts