അപ്പോള്‍ ഇതാണല്ലേ ആടിനെ പട്ടിയാക്കല്‍ ! ചെന്നൈയില്‍ പിടികൂടിയ 2100 കിലോ ഇറച്ചി പട്ടിയുടേതല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്; നീണ്ടവാലുള്ള ആടെന്ന് വെളിപ്പെടുത്തല്‍…

ചെന്നൈ: ആടിനെ പട്ടിയാക്കുക എന്നു കേട്ടിട്ടില്ലേ. അഞ്ചു ദിവസം മുമ്പ് ചെന്നൈയില്‍ 2100 കിലോ പട്ടിയിറച്ചി പിടികൂടിയ സംഭവം ഏതാണ്ട് ഇത്തരത്തില്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി വിവാദമായ മാംസം നായയുടേതല്ലെന്ന പരിശോധനാഫലമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചെന്നൈ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പട്ടി ആടായി മാറുകയും ചെയ്തു.

തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ ഷണ്‍മുഖസുന്ദരത്തിന്റെ റിപ്പോര്‍ട്ടിലാണ് നായ ആടായി മാറിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് എഗ്മോര്‍ സ്റ്റേഷനില്‍ നിന്നും പട്ടിയിറച്ചിയെന്ന സംശയവുമായി 2,100 കിലോ മാംസം പിടികൂടിയത്. ജോധ്പൂരില്‍ നിന്നും കൊണ്ടുവന്നതാണ് ഇത്രയധികം മാംസം. ഇത് അഴുകിയ നിലയില്‍ ആയതിനാല്‍ ഇത് ആര്‍.പി. എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യം സംസ്‌കരണകേന്ദ്രത്തില്‍ സംസ്‌കരിച്ചിരുന്നു.നായമാംസം പിടികൂടിയെന്ന് വാര്‍ത്തകള്‍ വന്നതോടെ നവമാധ്യമങ്ങളില്‍ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

ഇറച്ചിയുടെ മൊത്തകച്ചവടക്കാര്‍ ഇത് ആടിന്റെ മാംസംതന്നെയാണെന്ന് ആണയിട്ട പറഞ്ഞിരുന്നുവെങ്കിലും ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു എന്‍ജിഒ മദ്രാസ് ഹൈക്കോടതിയില്‍ പരാതിയും ഫയല്‍ ചെയ്തിരുന്നു.മാംസം ശീതീകരക്കാതെയാണ് എത്തിച്ചതെന്നും അതിനാലാണ് അഴുകിയതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ കതിരവന്‍ പറഞ്ഞു. ഭക്ഷണത്തിനുള്ള ഇറച്ചി ട്രെയിനില്‍ കൊണ്ടുപോകുമ്പോഴുള്ള ഒരു നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്നും അനധീകൃതമായി അറവുശാല നടത്തിയവരാണ് ഇറച്ചി അയച്ചതെന്നും കതിരവന്‍ പറഞ്ഞു. അതേസമയം, ഏത് അറവുശാലയില്‍ നിന്നുമാണ് പാഴ്സല്‍ അയച്ചതെന്നോ അതില്‍ വെറ്റിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ വര്‍ഷങ്ങളായി രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നീണ്ട വാലുകളുള്ള ആടിന്റെ ഇറച്ചി എത്തിക്കാറുണ്ട്. ഇത് പട്ടിയിറച്ചിയാണെന്നുള്ള പ്രചരണം അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പെരുംബൂരിലെ മാംസമൊത്തക്കച്ചവടക്കാരനായ എസ്. നസീര്‍ പറഞ്ഞു. എന്തായാലും ആടിനെ പട്ടിയാക്കിയതോടെ നഷ്ടം സംഭവച്ചിത് കച്ചവടക്കാര്‍ക്കു മാത്രം പട്ടിയെ തിരിച്ച് ആടാക്കിയതിന്റെ മെച്ചമൊട്ടു കിട്ടിയതുമില്ല.

Related posts