അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് പോസിറ്റീവ്! കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലെന്നു അധികൃതർ

ഡാളസ്: ഡാളസ് മൃഗശാലയിലെ സന്ദർശകരെ ആകർഷിച്ചിരുന്ന അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്നു ഫെബ്രുവരി എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതായി മൃഗശാല അധികൃതർ അറിയിച്ചത്.

എന്നാൽ ഇവയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലെന്നും അധികൃതർ പറഞ്ഞു.

മൃഗശാലയിൽ ര‌ണ്ടു ഗ്രൂപ്പ് ഗൊറില്ലകളാണുള്ളത്. ഫാമിലി ട്രൂപ്പ്, ബാച്ചിലർ ട്രൂപ്പ് . ഫാമിലി ട്രൂപ്പിൽ ആറും ബാച്ചിലർ ട്രൂപ്പിൽ നാലു പേരുമാണുള്ളത്.

മൃഗശാല ലാബിൽ ഫെബ്രുവരി ഒന്നിനെ‌‌ടുത്ത സാംപിളുകളുടെ റിസൾട്ടുകളാണ് ഇന്നു പുറത്തുവിട്ടത്.

നാഷണൽ വെറ്ററിനറി സർവീസ് ലബോറട്ടറിയുടെ റിസൾട്ട് കൂടി ഇനി വരാനുണ്ട്.

ഗൊറില്ലകളിൽ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരേയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

സന്ദർശകർ ഗൊറില്ലകളുടെ വൈറസിനെ കുറിച്ചു ഭയപ്പെടേണ്ടതില്ല. കാരണം അവരെ സുരക്ഷിതമായി ഗ്ലാസുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഈ മൃഗശാലയിൽ ആറ് ആഫ്രിക്കൻ സിംഹങ്ങൾക്കും മൂന്നു കടുവകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പി.പി. ചെറിയാൻ

Related posts

Leave a Comment