മദ്യശാലകള്‍ തുറന്നതോടെ കോവിഡിനെ മറന്ന് ജനങ്ങള്‍ ! സാമൂഹിക അകലം പാലിക്കാതെ വന്‍ ക്യൂ; തിരക്ക് കാരണം ഡല്‍ഹിയിലെ മദ്യശാലകള്‍ അടച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത് നീണ്ട ക്യൂ. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്.

ഏറെ നാള്‍ക്കു ശേഷം തുറന്ന മദ്യശാലയിലേക്ക് മദ്യപന്മാരുടെ ഒഴുക്കാണ് പലയിടത്തും കണ്ടത്. സാമൂഹിക അലകം പാലിക്കാതെ ജനം ഇരമ്പിയാര്‍ത്തതോടെ ഡല്‍ഹിയിലെ പല ഔട്ട്‌ലെറ്റുകള്‍ നേരത്തെ പൂട്ടി.

മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭനദാര്‍ക്കര്‍ റോഡിലും നിരവധി വൈന്‍ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നത്.

അതേസമയം, ബാറുകളില്‍ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാന്‍ കടകള്‍ക്ക് മുന്നില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേസമയം ക്യൂ നില്‍ക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

ഒരു മാസത്തിലേറെയായി മദ്യ വില്‍പ്പന മുടങ്ങിയപ്പോള്‍ നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 27,000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്. സംസ്ഥാനങ്ങളുടെ കണക്ക് ഇതിന് പുറമേയാണ്.

ഇതോടെയാണ് മദ്യ വില്‍പ്പന ആരംഭിക്കാന്‍ സംസ്ഥാനങ്ങളടക്കം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment