രാജസ്ഥാനിലെ കാലാവസ്ഥ കാഷ്മീരിനു സമാനമാകുന്നുവോ ? മഞ്ഞു മൂടിക്കിടക്കുന്ന നൗഗര്‍ ജില്ലയിലെ കാഴ്ച ഏവരെയും അമ്പരപ്പിക്കുന്നത്; രാജസ്ഥാന്‍ സുന്ദരഭൂമിയായി മാറുമോ…

ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ചയാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡുമെല്ലാം മഞ്ഞില്‍ മുങ്ങിക്കുളിക്കുകയാണ്. ഇവിടങ്ങളിലെ മഞ്ഞു വീഴ്ച പതിവുള്ളതാണെങ്കില്‍ പതിവില്ലാത്ത ഒരിടത്ത് കനത്ത മഞ്ഞു വീഴുന്നത് ജനങ്ങളെയാകെ അമ്പരപ്പിക്കുകയാണ്. എന്നാല്‍ പൊതുവേ വരണ്ട മേഖലയായ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ മഞ്ഞുവീഴ്ചയാണ് ജനങ്ങളുടെ കണ്ണു തള്ളിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ ഈ മേഖലയില്‍ കനത്ത ആലിപ്പഴവര്‍ഷം അനുഭവപ്പെട്ടിരുന്നു. ഇവയെല്ലാം കൂടി കനത്ത മഞ്ഞുപാളിയായി കുന്നിന്‍ പ്രദേശങ്ങളെ മൂടിയിരുന്നു. ഇതാണ് വരണ്ട മരുപ്രദേശം മഞ്ഞണിയാന്‍ കാരണമായത്. ഈ ആലിപ്പഴ വര്‍ഷമാണ് രാജാസ്ഥാനിലെ വരണ്ട പ്രദേശങ്ങളെ മഞ്ഞില്‍ പുതപ്പിച്ചത്. മഞ്ഞുപാളികളാല്‍ മൂടിയിരിക്കുന്ന റോഡുകളും വാഹനങ്ങളും വീടുകളുമൊക്കെ ഇവിടെ അദ്ഭുതകാഴ്ചയാണ് സമ്മാനിക്കുന്നത്.

ആലിപ്പഴ വര്‍ഷത്തോടുകൂടിയ കനത്ത കാറ്റു തന്നെ ഇവിടെ അസാധാരണമായ പ്രതിഭാസമായിരുന്നു. ഇന്നേവരെ ഇത്തരമൊരു കാലാവസ്ഥാ പ്രതിഭാസം ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. കനത്ത ആലിപ്പഴ വര്‍ഷം കൃശിനാശത്തിനും കാരണമായി. ഛപ്രി, മൗലാസര്‍, കീഛക് എന്നീ ഗ്രാമങ്ങളിലാണ് ആലിപ്പഴവര്‍ഷം ഏറെ നാശം വിതച്ചത്. പ്രാദേശിക ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കൗതുകത്തിലുപരി കനത്ത ആശങ്കയോടെയാണ് പലരും ഈ മഞ്ഞു വീഴ്ചയെ വീക്ഷിക്കുന്നത്.

Related posts