ഞാൻ മനുഷ്യക്കടത്തിന്‍റെ ഇര! അപരിചിതയായ ഒരു സ്ത്രീ കടത്തിക്കൊണ്ടുവരികയായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോ ഫറാ

ലണ്ടൻ: മനുഷ്യക്കടത്തിന് ഇരയായ വ്യക്തിയാണ് താനെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ബ്രിട്ടന്‍റെ ഒളിംപിക് ചാന്പ്യൻ മോ ഫറാ. ശിശുവായിരുന്നപ്പോൾ ജന്മദേശമായ സൊമാലിയയിൽ നിന്ന് തന്നെ അപരിചിതയായ ഒരു സ്ത്രീ കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നും തന്നെ അവരുടെ വീട്ടിൽ അടിമയെപ്പോലെ ജോലിയെടുപ്പിച്ചെന്നും ഫറാ പറഞ്ഞു.

സൊമാലിയയിലെ വടക്കൻ പട്ടണമായ സൊമാലിലാന്‍ഡിലാണ് ജനിച്ചതെന്നും തന്‍റെ യഥാർഥ പേർ ഹുസൈൻ അബ്ദി ഖാൻ എന്നാണെന്നും ഫറാ വെളിപ്പെടുത്തി.

ആഭ്യന്തര കലാപത്തിൽ അച്ഛൻ മരിച്ച തന്നെ മറ്റൊരു കുട്ടിയുടെ രേഖകൾ ഉപയോഗിച്ച് ബ്രിട്ടനിലേക്ക് കടത്തി.

ബ്രിട്ടനിൽ അഭയാർത്ഥികളായി കഴിയുന്ന ബന്ധുക്കളുടെ അടുത്ത് എത്തിക്കാമെന്ന് തന്നെ കടത്തിയ സ്ത്രീ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ബ്രിട്ടനിൽ എത്തിയ ശേഷം തന്‍റെ പക്കലുണ്ടായിരുന്ന ബന്ധുക്കളുടെ വിലാസമടങ്ങിയ കടലാസ് ഇവർ നശിപ്പിച്ചു.

പിന്നീട് നിർബന്ധപൂർവം വീട്ടുജോലി ചെയ്യിപ്പിച്ചു. ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെന്നും ആരോടെങ്കിലും സത്യം വെളിപ്പെടുത്തിയാൽ ഉപദ്രവിക്കുമെന്ന് ഇവർ ഭീഷണി മുഴക്കിയിരുന്നുവെന്നും ഫറാ കൂട്ടിച്ചേർത്തു.

2012, 2016 ഒളിംപിക്സുകളിലെ 5000, 10,000 മീറ്റർ മത്സരങ്ങളിലെ സ്വർണമെഡൽ ജേതാവായ ഫറാ ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്.

മാതാപിക്കളോടൊപ്പം ബ്രിട്ടനിൽ അഭയം തേടിയ വ്യക്തിയാണ് താനെന്നാണ് ഫറാ ഇതുവരെ പറഞ്ഞിരുന്നത്.

2000-ത്തിൽ ബ്രിട്ടീഷ് പൗരത്വം നേടിയ ഫറായ്ക്ക് 2017-ൽ എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ചിരുന്നു.

Related posts

Leave a Comment