വിദേശരാജ്യങ്ങളിൽ താമസിച്ച ശേഷം ഹോട്ടൽ മുറി ഒട്ടും അഴുക്കാക്കാതെ, ഹൗസ് കീപ്പിംഗ് ജീവനക്കാർക്കായി പൂക്കളും നന്ദിക്കുറിപ്പും വച്ച് മടങ്ങിയ ഇന്ത്യൻ ഭാര്യയുടെ വീഡിയോ പങ്കുവെച്ച് അമേരിക്കൻ യുവാവ്. തായ്ലൻഡിൽ താമസിക്കുന്ന കിപ്പ് ക്രോസിംഗ് (@kipcrossing) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്റെ മിസോറാം സ്വദേശിയായ ഭാര്യയുടെ മനോഹരമായ പ്രവൃത്തിയെക്കുറിച്ച് വീഡിയോയിലൂടെ വിശദീകരിച്ചത്.
ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് പങ്കുവെച്ച വീഡിയോയിൽ മുറിയുടെ ഓരോ ഭാഗങ്ങളും അദ്ദേഹം കാണിച്ചുതരുന്നുണ്ട്. മുറിയുടെ മുൻഭാഗത്തായി ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും മനോഹരമായ പൂക്കളും വെച്ചിരുന്നു.
ഉപയോഗിച്ച പാത്രങ്ങളെല്ലാം കഴുകിവെക്കുകയും, മാലിന്യങ്ങൾ കവറുകളിലാക്കി കൃത്യമായി മാറ്റിവെക്കുകയും ചെയ്തു. ബെഡ്റൂമും ബാത്ത്റൂമും ടവലുകളും വളരെ ക്രമബദ്ധമായാണ് സൂക്ഷിച്ചിരുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ നിന്നുള്ള ആളുകൾ പൊതുവെ വളരെ വൃത്തിയും കാരുണ്യവുമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ വിദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ പൊതുബോധമില്ലാത്തവരാണെന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾക്കും മുൻവിധികൾക്കുമുള്ള മറുപടിയാണ് ഈ വീഡിയോയെന്നും, ഒരു രാജ്യത്തിലെ ചുരുക്കം ചില ആളുകളുടെ പെരുമാറ്റം വെച്ച് രാജ്യം മുഴുവൻ മോശമാണെന്ന് വിലയിരുത്തരുതെന്നും കിപ്പ് കൂട്ടിച്ചേർത്തു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചതോടെ, ജീവനക്കാരോട് കാണിച്ച ഈ ബഹുമാനത്തെയും മാന്യതയെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
