തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി രാജി പ്രഖ്യാപിച്ചെങ്കിലും രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചതായി മേയർ വി.വി.രാജേഷ് പറഞ്ഞു.
എന്നാൽ രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും മേയർ പറഞ്ഞു. ജില്ലാ കളക്ടർക്ക് രാജി സ്വീകരിക്കാൻ നിയമപരമായി അധികാരമില്ലെന്നും സെക്രട്ടറി പറഞ്ഞു. കളക്ടർക്ക് നൽകിയാലും അത് നിയമപരമായി സാധുവാകില്ലെന്നാണ് നഗരസഭയുടെ നിലപാട്.
കൗൺസിലർ നേരിട്ട് സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. മേയർ വഴി നൽകിയാലും രാജി സ്വീകരിക്കാനാകില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. അതിനാൽ നിലവിലെ സാഹചര്യത്തിൽ സെക്രട്ടറി എന്ന നിലയിൽ ശ്രീലേഖയുടെ രാജി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആർ. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാജിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നും സംസ്ഥാന അധ്യക്ഷൻ നേരിട്ട് ശ്രീലേഖയുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ സമ്മർദം രാജിക്ക് പിന്നിലുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടാകുന്നത് വീഴ്ചയല്ലെന്നും മേയർ വി.വി. രാജേഷ് പ്രതികരിച്ചു.
