ഇതാണോ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ! ഗാര്‍ഹിക പീഡനത്തെ 69 ശതമാനം മലയാളി വീട്ടമ്മമാര്‍ പിന്തുണയ്ക്കുന്നെന്ന റിപ്പോര്‍ട്ടിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

ഗാര്‍ഹിക പീഡനത്തെ 69 ശതമാനം മലയാളി വീട്ടമ്മമാരും പിന്തുണക്കുന്നെന്ന ദേശീയ കുടുംബ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പുരോഗമനമെന്നും സമ്പൂര്‍ണ്ണ സാക്ഷരതയെന്നും അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല കുടുംബ ആരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനത്തെ 58 ശതമാനം പുരുഷന്മാര്‍ പിന്തുണയ്ക്കുന്നെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ 69 ശതമാനം മലയാളി വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുന്നെന്ന ഞെട്ടിക്കുന്ന ഫലങ്ങളും ഉള്‍പ്പെട്ടിരുന്നു. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കേരളം വളരെ പിന്നിലാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് 30 ശതമാനം ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയില്‍ 40 ശതമാനം പേര്‍ ഭര്‍ത്താവിന് സംശയം തോന്നിയാല്‍ ഭാര്യമാരെ മര്‍ദ്ദിക്കാമെന്നും 30 ശതമാനം പേര്‍ ഭര്‍ത്താവുമായി തര്‍ക്കിക്കുന്ന ഭാര്യയെ മര്‍ദ്ദിക്കാമെന്നും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള കേരളത്തിലെ സ്ത്രീകളുടെ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിനു പിന്നാലെ സര്‍വേയുടെ ആധികാരികതയെ ചോദ്യം ചെയ്തും മലയാളി വീട്ടമ്മമാരുടെ ചിന്താ രീതിയെക്കുറിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയിലെത്തിയത്.

 

Related posts