1978 ല്‍ കംപ്യൂട്ടര്‍ അച്ചടിയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമോ! അച്ചടിച്ചിരിക്കുന്ന ലോഗോയും ആധുനിക ഫോണ്ടിലുള്ളത്; പാസ്‌പോര്‍ട്ട് പരിഷ്‌കരണം വിവാദമാകുമ്പോള്‍ നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ചര്‍ച്ചയില്‍

എസ്എസ്എല്‍സി പാസാകാത്തവരുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ഞ് നിറവും പാസായവരുടേതിന് നീല നിറവും കൊടുക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി രേഖകള്‍ ആധികാരികമായതാണെന്ന് ഡല്‍ഹി സര്‍വകലാശാലാ രജിസ്ട്രാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. സര്‍വകാശാലാ അധികൃതരുടെ മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. 1978ല്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്നും എഎപി നേതാവ് അശുതോഷ് ചോദിച്ചു.

1978ല്‍ ബിരുദം നേടിയ മറ്റ് ആളുകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ കൈകൊണ്ട് എഴുതിയിരിക്കുമ്പോള്‍ മോദിയുടേത് മാത്രം എങ്ങനെയാണ് കംപ്യൂട്ടര്‍ അച്ചടിയായതെന്നും അശുതോഷ് ചോദിച്ചു. തന്നെയുമല്ല, മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന സര്‍വകലാശാല ലോഗോ ആധുനിക ഫോണ്ടിലുള്ളതാണെന്നും, നേരെ മറിച്ച് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പഴയ ഫോണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മോദിക്കെതിരെ സംസാരിച്ച് പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയും അശുതോഷ് വായിച്ചു. മോദി 1978ല്‍ പരീക്ഷയെഴുതിയതായും 1979ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും സര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സംശയമുന്നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി നേതാക്കള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതും വ്യാജമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.

 

Related posts