പ്രളയത്തില്‍ തകര്‍ന്ന വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കാര്യം നടക്കാഞ്ഞതിനാല്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു; വൈകുന്നേരത്തോടെ നാലു ലക്ഷം അനുവദിച്ച് അറിയിപ്പെത്തി…

അകെയുണ്ടായിരുന്ന വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ വീട് പുതുക്കിപ്പണിയുന്നതിനായി വീട്ടമ്മ നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും എല്ലായിടത്തു നിന്നും നേരിട്ടത് അവഗണന മാത്രം. ഒടുവില്‍ സഹികെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അതേ ദിവസം അധികൃതര്‍ നാലു ലക്ഷം രൂപയുടെ സഹായവുമായി എത്തുകയും ചെയ്തു. മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് (42) ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നാണ് ബിന്ദുവിനെ തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അതേ ദിവസം തന്നെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്കായി തുക അനുവദിച്ച് നല്‍കാന്‍ തീരുമാനമാകുകയായിരുന്നു. തുടര്‍ന്ന് ഇത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ മലവെള്ളപാച്ചിലില്‍ ബിന്ദുവിന്റെ വീട് തകര്‍ന്നത്. ഇതിനും ശേഷം ഈ ദമ്പതികളും മാതാവ് ഭവാനിയും രണ്ടു വിദ്യാര്‍ത്ഥികളും അടങ്ങുന്ന കുടുംബത്തിന് ആശ്രമായത് ചെറിയൊരു ഷെഡാണ്.

സര്‍ക്കാര്‍ സഹായമായ 10,000 രൂപയും പഞ്ചായത്തില്‍ നിന്നു വിതരണം ചെയ്ത കിറ്റുകളും ഇവര്‍ക്കു ലഭിച്ചു. എന്നാല്‍, ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും 27 സെന്റ് സ്ഥലമുള്ളതിനാല്‍ പുറത്തായി. ആദ്യം വീട് നിന്ന സ്ഥലം പുതിയ വീട് പണിയാനാകാത്ത വിധം താറുമാറായി. വേറൊരു സ്ഥലം വാങ്ങി പലരില്‍ നിന്നുമായി കടം വാങ്ങി വീടിന്റെ തറ കെട്ടി. സര്‍ക്കാര്‍ സഹായത്തിനായി പല തവണ ഓഫിസുകളില്‍ കയറി പരാജയപ്പെട്ടതോടെയാണ് ബിന്ദു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഭര്‍ത്താവ് രഘു പറയുന്നു. ആശുപത്രിയില്‍ ബില്‍ അടയ്ക്കുന്നതിനു പോലും പറ്റാത്ത അവസ്ഥയിലാണ് കുടുംബം.

അതേസമയം, ബിന്ദുവിന്റെ കുടുംബത്തിനു 10,000 രൂപ ആദ്യ ഗഡു നല്‍കിയതായും, രണ്ടാം ഗഡുവായി 4 ലക്ഷം രൂപ അനുവദിച്ചതായും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്.ഭാനുകുമാര്‍ പറഞ്ഞു. ആദ്യം തയാറാക്കിയ ജിയോ ടാഗ് കണക്കെടുപ്പില്‍ ഇവരുടെ വിവരം ഉള്‍പ്പെട്ടിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് പേര് ഉള്‍പ്പെടുത്തിയത്. ജനുവരി 18നു തയാറാക്കിയ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ എഡിഎം നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിന്ദുവിന് തുക അനുവദിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു.

Related posts