മുനമ്പത്തു നിന്നും ബോട്ടില്‍ കയറിപ്പോയവര്‍ പണം ചിലവഴിച്ചത് ലാവിഷായി ! പെട്ടിക്കടയില്‍ കൊടുത്തത് പോലും 500ന്റെ നോട്ട്; ഉപേക്ഷിക്കപ്പെട്ട ബാഗിലുണ്ടായത് 11810 രൂപ; മനുഷ്യക്കടത്തു സംഘം കാര്യങ്ങള്‍ നീക്കിയത് അതീവ ജാഗ്രതയോടെ…

കൊച്ചി: മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ പണം ചിലവഴിച്ചിരുന്നത് ഒരു പിശുക്കുമില്ലാതെയെന്ന് വിവരം. ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന ബാഗില്‍ നിന്നും 11810 രൂപയാണ് കിട്ടിയത്. ഇതില്‍ 5,500 നിരോധിക്കപ്പെട്ട 500 നോട്ടുകളുടേതാണ്. പെട്ടിക്കടകളില്‍പോലും 500 ന്റെ നോട്ടുകളാണ് സംഘത്തിലുളളവര്‍ നല്‍കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന് രണ്ട് ട്രാവലറിലും മൂന്നുകാറിലുമായാണ് സംഘം ചെറായിയിലേക്ക് തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചെറായിയില്‍ ആറു റിസോര്‍ട്ടുകളിലായി തങ്ങിയ സംഘം പുലര്‍ച്ചെ അഞ്ചിന് റിസോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചു.

മുനമ്പത്തെത്തി ഇവര്‍ കൂട്ടമായി ഹാര്‍ബറിലേക്കു നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ബോട്ടില്‍ കയറുംമുമ്പ് സിം കാര്‍ഡുകളും മൊെബെല്‍ ഫോണും ഉപേക്ഷിക്കാന്‍ സംഘാഗങ്ങളോടു നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ സിഗ്‌നലുകള്‍ വഴി കണ്ടെത്തുകയും പ്രായോഗികമാകില്ല. ബോട്ടിന്റെ മുഖ്യ ഉടമസ്ഥനായ തമിഴ്‌നാട് തക്കല സ്വദേശി ശ്രീകാന്തനും കുടുംബവും ഒളിവിലാണ്.

മനുഷ്യക്കടത്ത് നടന്നതായി സംശയിക്കുന്ന 12, 13 തീയതികളില്‍ ശ്രീകാന്തനെ ബന്ധപ്പെട്ട മറ്റ് മത്സ്യബന്ധന ബോട്ട് ഉടമകളായ ആറു പേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖത്തുനിന്ന് ശ്രീലങ്കയും സിംഗപ്പൂരുംവഴി ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ സജീവമാണ്. മുനമ്പത്തുനിന്ന് നാലുതവണ ഇത്തരം മനുഷ്യക്കടത്തുകള്‍ നടന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെയുള്ള മനുഷ്യക്കടത്ത് നടന്നതായി ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പറയുന്നു. നവജാതശിശുക്കളും പ്രായമുള്ള സ്ത്രീകളുമടങ്ങിയ സംഘം പഴയ മത്സ്യബന്ധന ബോട്ടില്‍ ഇത്രയും ശ്രമകരവും 21 ദിവസത്തിലേറെ നീങ്ങുന്ന കടല്‍യാത്ര നടത്തുക അതീവദുഷ്‌കരമാണെന്ന് ഐ.ബി. റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദുര്‍ഘട യാത്രയെക്കുറിച്ചുള്ള വിവരം സംഘാംഗങ്ങളില്‍നിന്ന് മറച്ചുവച്ച് ചിലരെ ഓസ്‌ട്രേലിയ, കൊറിയ എന്നിവിടങ്ങളിലെ തൊഴില്‍കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ സജീവമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്കന്‍,ബംഗ്ലാദേശ് പൗരന്മാര്‍ അടങ്ങിയ സംഘം മുനമ്പം വഴി മനുഷ്യക്കടത്ത് നടത്തുന്നതായി രാജ്യാന്തര ഏജന്‍സികള്‍ക്ക് സന്ദേശം കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതിനുപയോഗിച്ചുവെന്നു പറയുന്ന ദയാമാത എന്ന ബോട്ട് കണ്ടെത്താന്‍ കഴിയാത്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യക്കടത്തുസംഘം മുനമ്പത്തുനിന്നു വാങ്ങിയ ദയാമാതാ ബോട്ടിന്റെ സഹ ഉടമ കോവളം സ്വദേശി അനില്‍കുമാറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്തയാഴ്ചയോടെ പ്രത്യേകസംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ പോലീസും അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്ത് സംഘത്തില്‍ 53 പേരുണ്ടായിരുന്നതായി റിസോര്‍ട്ട് ജീവനക്കാരെയും മുനമ്പം ബോട്ട് ജീവനക്കാരെയും ചോദ്യംചെയ്ത സംസ്ഥാന പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയ റിസോര്‍ട്ട് ഉടമകളും ഹോംസ്‌റ്റേ ഉടമകളും നിയമപരമായ നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിക്കാതെയാണ് താമസമൊരുക്കിയത്. സംഘത്തിലെ ഏതാനുംപേരുടെ രേഖകള്‍ മാത്രമാണ് സൂക്ഷിച്ചത്. ഇതിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഐ.ബി. സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നു സംഘാംഗങ്ങള്‍ താമസിച്ചിരുന്ന ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളും പൂട്ടി പോലീസ് സീല്‍ ചെയ്തു. എന്നാല്‍ സംഘാംഗങ്ങള്‍ താമസിച്ചതിന്റെ രേഖകള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാനാണ് അടച്ചു പൂട്ടലെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

Related posts