ഭാര്യ പോലീസ് സ്റ്റേഷനിലെത്തിയത്, ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍! പാട്ടുപാടി പ്രശ്‌നം പരിഹരിച്ചത് ഭര്‍ത്താവു തന്നെ; നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി പോലീസുകാരും

പിണക്കങ്ങളും ഇണക്കങ്ങളുമില്ലാതെ ഭാര്യാഭര്‍തൃബന്ധം പൂര്‍ത്തിയാവാറില്ല. എന്നാല്‍ അവയെ, പ്രത്യേകിച്ച്, പിണക്കങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എന്നാല്‍ വേണ്ടവിധം കൈകാര്യം ചെയ്താലോ, ജീവിതം കൂടുതല്‍ മധുരതരമായി തീരുകയും ചെയ്യും. ഇത്തരത്തില്‍ പിണക്കം മുറുകിയപ്പോള്‍ ഭര്‍ത്താവിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെയും അവരുടെ ഭര്‍ത്താവിന്റെയും അവിടെവച്ച് അരങ്ങേറിയ ചില നാടകീയ രംഗങ്ങളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. അതാകട്ടെ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. സംഭവിച്ചതിങ്ങനെയാണ്…

ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി. ജാന്‍സി പോലീസ് സ്റ്റേഷനിലാണ് നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത്. തനിക്കെതിരെ പരാതി നല്‍കിയ ഭാര്യയെ തണുപ്പിക്കാനായി ആ ഭര്‍ത്താവ് ‘ബദ്ലാപൂര്‍’ എന്ന ചിത്രത്തിലെ ഒരു ഹിറ്റു പ്രണയഗാനമങ്ങ് പാടി. ആതിഫ് അസ്‌ലം പാടിയ ‘ജീനാ ജീനാ’ എന്നു തുടങ്ങുന്ന ഗാനം ഒട്ടും മോശമാക്കാതെ പ്രണയാതുരമായി അദ്ദേഹം പാടിയപ്പോള്‍ ഭാര്യയുടെ പിണക്കം അവിടെ അവസാനിച്ചു.

കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ഇരുവരുടെയും സ്‌നേഹ നിമിഷങ്ങളെ സന്തോഷത്തോടെ എതിരേറ്റു. പ്രണയത്തിന്റെ വിജയഘോഷം എന്നു പറഞ്ഞ് ഐപിഎസ് ഓഫീസറായ മധുര്‍ വര്‍മയാണ് പിന്നീട് ഈ രംഗങ്ങള്‍ ട്വീറ്റ് ചെയ്തത്. ‘ഒരു ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായി. ഭാര്യ ഭര്‍ത്താവിനെതിരെ ജാന്‍സി പോലീസില്‍ പരാതിയും നല്‍കി. പക്ഷേ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ വച്ച് ഭാര്യക്കായി ഒരു ഗാനം പാടി അവളെ തണുപ്പിച്ചു. പ്രണയം വിജയഘോഷം മുഴക്കുന്നു’ എന്നായിരുന്നു മധുര്‍ വര്‍മയുടെ ട്വീറ്റ്.

Related posts