ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടം ! ഇതേക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ ഹൈദരാബാദില്‍ വന്‍ വിവാഹത്തിരക്ക്.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുള്ള തിടുക്കത്തിലാണ് മിക്ക ഗ്രാമവാസികളും.

തന്റെ പെണ്‍മക്കളെ കുറഞ്ഞ ദിവസത്തിനുള്ളില്‍ വിവാഹം ചെയ്തു വിടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഹൈദരാബാദിലെ ചില ഗ്രാമീണര്‍.

സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് കല്യാണങ്ങളുടെ ഒരു നീണ്ട നിരയ്ക്കാണ് ഹൈദരാബാദ് സാക്ഷിയായത്. ഈ പ്രവണത ഇപ്പോഴും ഗ്രാമങ്ങളില്‍ തുടരുകയാണ്.

2022ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടി വന്നത് വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാരണമാണെന്നാണ് ഹൈദരാബാദിലെ കാലാ പത്തര്‍ നിവാസി ഹമീദാ സുല്‍ത്താന്‍ വെളിപ്പെടുത്തുന്നത്.

തനിക്ക് മൂന്ന് പെണ്‍മക്കളാണുള്ളതെന്നും കോവിഡിന് പുറമേ കല്യാണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹമീദ പറയുന്നു. മൂത്ത മകളുടെ വിവാഹം പതിനെട്ട് വയസിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുള്ള തൗഫീക്കും സമാനമായ അനുഭവം പങ്കുവയ്ക്കുന്നു. തൗഫീക്കിന്റെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. കോവിഡിനെ തുടര്‍ന്ന് ജോലിയും നഷ്ടമായി.

തങ്ങള്‍ക്ക് മക്കളുടെ പഠനത്തിന്റെ ചെലവ് താങ്ങാനാകില്ലെന്നും തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ മകളുടെ വിവാഹം നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്നും തൗഫീക്ക് പറഞ്ഞു.

ഖാസി പുരയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തൗഫീക്കിന്റെ മകളുടെ വിവാഹം. ആറ് മാസത്തിനുള്ളില്‍ വിവാഹ നിശ്ചയം നടത്തി രണ്ട് വര്‍ഷത്തിന് ശേഷം വിവാഹം നടത്താനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്.

വരന്റെ വീട്ടില്‍ നിന്നും പെട്ടെന്ന് വിളി വന്നുവെന്നും ആ ആഴ്ച തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനായി ഖാസിയെ കണ്ടെത്താനുള്ള തിരക്കിലായിരുന്നെന്നും എല്ലാ ഖാസിമാരും വിവാഹത്തിരക്കിലായിരുന്നെന്നും ഒടുവില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഒരാളെ കണ്ടെത്താനായതെന്നും അവര്‍ പറഞ്ഞു.

മകളെ 21 വയസിന് ശേഷം വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ രണ്ടാമത്തെ മകളെ എത്രാമത്തെ വയസില്‍ വിവാഹിതയാക്കുമെന്നും അവര്‍ ചോദിക്കുന്നു. അപ്പോഴേക്കും മകള്‍ക്ക് യോജിച്ച വരനെ ലഭിക്കില്ലെന്നും അവര്‍ ആശങ്ക പങ്കുവച്ചു.

പുതിയ നിയമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും വരന്റെ കുടുംബം കാത്തിരിക്കില്ലെന്നും അവര്‍ ബന്ധം തകര്‍ക്കുമെന്ന് പലരും വിശ്വസിക്കുന്നതായും ഖദ്രിയ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മൗലാന സയീദ്ദ് ഉല്‍ ഖദ്രി പറഞ്ഞു.

പല രാജ്യങ്ങളും വിവാഹപ്രായം കുറയ്ക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് കൂട്ടാനാണ് ശ്രമിക്കുന്നതെന്നും ബന്ധപ്പെട്ടവരുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തായാലും വിവാഹത്തോടനുബന്ധിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ചാകരയാകുകയാണ്.

Related posts

Leave a Comment