ഇടുക്കിയില്‍ കനത്ത മഴയും കൊടുങ്കാറ്റും, മൂന്നാര്‍ ഒറ്റപ്പെട്ടു, അടിമാലിയില്‍ ആദിവാസി മേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം, വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്, ഹൈറേഞ്ചില്‍ വീണ്ടും മഴക്കെടുതി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇടുക്കിയില്‍ കനത്ത മഴ. ഇത്തവണ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ആഞ്ഞുവീശിയതോടെ ആളുകള്‍ ഭയചകിതരായി. കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.

ഇന്നു പുലര്‍ച്ചെ ചേലച്ചുവട്- മുരിക്കാശ്ശേരി റോഡില്‍ ആന്റോപുരത്ത് പാറേക്കുടി അജേഷിന്റെ കൃഷിയിടത്തില്‍ ഉരുള്‍പൊട്ടി ഗതാഗതം തടസപ്പെട്ടു. അടിമാലി കട്ടപ്പന റോഡിലും ഉരുള്‍പൊട്ടി. ചുരുളി – കരിമ്പന്‍ റോഡില്‍ വന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

നിരവധി പ്രദേശങ്ങളില്‍ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. പെരിഞ്ചാംകുട്ടി – മേലേചിന്നാര്‍ റോഡ് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ചെറുതോണി അണക്കെട്ടു തുറന്നിരിക്കുന്നതിനാല്‍ വിവിധ സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്ന റോഡുകളാണ് തടസപ്പെട്ടിരിക്കുന്നത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ദുരന്ത നിവാരണസേനയും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചുവരുന്നു. ചെറുവാഹനങ്ങള്‍ കടന്നു പോകാനുള്ള ക്രമീകരണങ്ങളാണ് ആദ്യം ക്രമീകരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ കൃഷിയിടങ്ങള്‍ നശിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല. ശക്തമായ കാറ്റും തൊരാതെ പെയ്യുന്ന മഴയും ഹൈറേഞ്ച് മേഖലയില്‍ ജനങ്ങളെ ഭീതിയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമുണ്ടായ വ്യാപകമായ ഉരുള്‍പൊട്ടലില്‍ അപകടാവസ്ഥയിലായ വീടുകളും സ്ഥലങ്ങളും ജനങ്ങളില്‍ ഭീതി പരത്തുന്നു. ഈ പ്രദേശങ്ങളിലുള്ള മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പകല്‍ സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആളുകള്‍ പുരയിടത്തിലേക്ക് എത്തുന്നുണ്ട്. ഇത് പ്രദേശവാസികളില്‍ ആശങ്കയ്ക്കിടയാക്കുന്നു.

Related posts