ലോകത്ത് വരാന്‍ പോകുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം ! അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി അതിരൂക്ഷമാകും; സാമ്പത്തിക തളര്‍ച്ച ഏറ്റവും കുറവ് അനുഭവപ്പെടുക ഇന്ത്യയില്‍; ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ…

കോവിഡ് 19 ലോകത്ത് നാശം വിതച്ച് മുന്നേറുമ്പോള്‍ ലോകം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്.

ഈ അന്തക വൈറസ് ബാധയുണ്ടാകുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു.

മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു.

അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയില്‍ മനുഷ്യനെ കാത്തിരുന്നത്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയാണ് കോവിഡ് എന്ന മഹാമാരി.

ഇതോടെ ഐഎംഫ് ഇപ്പോള്‍ പറയുന്നത് മുമ്പ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം.

2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു.

ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ ദുരന്തത്തെ നേരിടാന്‍.

അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഈ മൂന്ന് ശതമാനത്തിന്റെ കുറവ് നമ്മ എത്തിക്കാന്‍ പോകുന്ന പരിത സ്ഥിതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.

കോവിഡിന്റെ ദുരിതം ഏറ്റവുമധികം പേറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാവും സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷതയും ഏറ്റവുമധികം അനുഭവിക്കുക.

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 5.9 ശതമാനത്തിന്റെ കുറവാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത് എങ്കില്‍ ബ്രിട്ടനില്‍ അത് 6.5% ആണ്.

ഇറ്റലിയില്‍ 9.1 ശതമാനവും, സ്‌പെയിനില്‍ 8 ശതമാനവും ഫ്രാന്‍സില്‍ 7.2 ശതമാനവും ജര്‍മ്മനിയില്‍ 7 ശതമാനവും കുറവായിരിക്കും അനുഭവപ്പെടുക.

അതായത് ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടി ഏകദേശം 9 ട്രില്ല്യണ്‍ ഡോളറിന്റെ ജി ഡി പി അപ്രത്യക്ഷമാകുമെന്നര്‍ത്ഥം.

എന്നാല്‍, ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈന ഏകദേശം 1.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തും എന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നീട്, മറ്റ് രാജ്യങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് അത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ 1.9 ശതമാനത്തോടെ ഇന്ത്യയായിരിക്കും മുന്നിലെന്നും പ്രവചനത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചൈനയും ഇന്ത്യയും രേഖപ്പെടുത്തിയത് യഥാക്രമം 6.1%, 4.2% വളര്‍ച്ചാ നിരക്കായിരുന്നു എന്നതോര്‍ക്കണം.

ചുരുക്കി പറഞ്ഞാല്‍, ഈ രണ്ട് രാജ്യങ്ങള്‍ക്കും പല പാശ്ചാത്യ രാജ്യങ്ങളേയും പോലെ തകര്‍ച്ച അനുഭവിക്കേണ്ടി വരില്ലെങ്കിലും മുമ്പു വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് ചുരുക്കം.

എന്നാല്‍ ഭാവി, ഐഎംഎഫ് പ്രവചിക്കുന്നതിനേക്കാള്‍ ഭീകരമായിരിക്കും എന്നാണ് എക്‌സിചെക്കര്‍ ചാന്‍സലര്‍ ഋഷി സുനക് പറയുന്നത്.

നിയന്ത്രണങ്ങള്‍ ഇനിയും മൂന്നു മാസം കൂടി തുടരുകയാണെങ്കില്‍ ജിഡിപിയില്‍ 35% കുറവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനം വര്‍ദ്ധിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കമ്മി 273 ബില്ല്യണ്‍ പൗണ്ടായി വര്‍ദ്ധിക്കുകയും ചെയ്യും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദാരുണമായ സ്ഥിതിയാണിത്.

അതിനാല്‍ തന്നെ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാകും കൊറോണ ബാധ ശക്തമാകുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം.

എന്നാല്‍ മൂന്നാം പാദത്തിലും ശക്തമായാല്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഒരു മൂന്നു ശതമാനത്തിന്റെ കുറവു കൂടി ഉണ്ടായേക്കും.

2021ലെ കരകയറ്റം കൂടുതല്‍ മന്ദഗതിയില്‍ ആകാം എന്നും ഐ എം എഫിന്റെ ചീഫ് എക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് പറയുന്നു.

മാത്രമല്ല, 2021ല്‍ കോറോണയുടെ ഒരു തിരിച്ചുവരവുണ്ടായാല്‍ അവസ്ഥ കൂടുതല്‍ വഷളാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആറു രാജ്യങ്ങളുടെ ഏകദേശം 500 ദശലക്ഷം ഡോളര്‍ മൂല്യമുള്ള കടമെഴുതിത്തള്ളാന്‍ ഐഎംഎഫ് തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment