ചാത്തന്നൂർ: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദേശങ്ങൾ കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസർമാരുടെ പരാതി. സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പരാതി. സിടിഒ വിവിധ വിഭാഗം മേധാവികൾ, യൂണിറ്റ് ഓഫീസർ മാർ എന്നിവരാണ് ചൊവാഴ്ച നടത്തിയ യോഗത്തിൽ പങ്കെടുത്തത്.
സർവീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്താൻ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ യൂണിറ്റുകളിൽഅടിയന്തരമായി നിയമിക്കണമെന്ന് പല മീറ്റിംഗുകളിലും മന്ത്രി കെ.ബി. ഗണേശ് കുമാർ നിർദേശം നല്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കാൻ ഭരണ വിഭാഗം തയാറാകുന്നില്ല. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കുറവുള്ള യൂണിറ്റാണ് തലശേരി.
എന്നിട്ടും ഈ യൂണിറ്റിലെ ജീവനക്കാരെ മാറ്റി. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരില്ലാത്തതിനാൽ കൃത്യമായ സർവീസ് ഓപ്പറേഷൻ നടത്താൻ കഴിയുന്നില്ല. പ്രതിദിനനഷ്ടത്തിന്റെ കണക്ക് യൂണിറ്റ് ഓഫീസർ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായി.കോഴിക്കോട് യൂണിറ്റിൽനിന്നു നടത്തിയ സൂപ്പർ ഡീലക്സ് സർവീസിന് കിലോമീറ്ററിന് 29.3 രൂപവീതമാണ് ലഭിച്ചത്. കിലോമീറ്ററിന് 70 രൂപയാണ് ടാർഗറ്റ്. ഇത് സംബന്ധിച്ച് യൂണിറ്റ് ഓഫീസർ വിശദീകരണം നല്കണം.
സൂപ്പർ ക്ലാസ് സർവീസുകളുടെ അവസാന നിമിഷം ക്യാൻസൽ ചെയ്യുന്നത് ഗൗരവമായ വിഷയമായി പരിഗണിക്കും. ഇത് സൂപ്പർവൈസറി ലാപ്സ് ആയി കണക്കാക്കി ഉത്തരവാദികളിൽ നിന്നും നഷ്ടം ഈടാക്കും. യൂണിറ്റുകളിൽ കുറവുള്ള സ്റ്റാഫ് പാറ്റേൺ സ്ട്രെംഗ്ത് കൃത്യമായി പരിശോധിച്ച് യൂണിറ്റുകളിൽ കുറവുള്ള ജീവനക്കാരെ പുനർവിന്യസിക്കണം. കൊറിയർ സർവീസിൽ ജോലി ചെയ്തിരുന്നവരെ അവരുടെ അപേക്ഷ അനുസരിച്ച് നിയമിക്കണം.
യോഗത്തിന്റെ തലേ ദിവസമായ 22 -ന്13 യൂണിറ്റുകൾ ടാർഗറ്റിന്റെ 100 ശതമാനത്തിലധികം നേടി. ആര്യങ്കാവ്, കോന്നി, ആര്യനാട്, പത്തനാപുരം, വികാസ് ഭവൻ, ആറ്റിങ്ങൽ, കുളത്തുപ്പുഴ, മാള , വിതുര, താമരശ്ശേരി, മുവാറ്റുപുഴ, പാലോട്, വെള്ളനാട് ഡിപ്പോകളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എന്നാൽ കോഴിക്കോട് യൂണിറ്റ് ടാർഗറ്റിന്റെ 70 ശതമാനത്തിലും താഴെയായി.
- പ്രദീപ് ചാത്തന്നൂർ