ഇന്ത്യ-അമേരിക്ക ഭായ് ഭായ് ! അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ; ഈ മാറ്റത്തിനു കാരണം ഇങ്ങനെ…

അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ.2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകള്‍ പ്രകാരമാണിത്.

2020 കലണ്ടര്‍ വര്‍ഷത്തില്‍ അമേരിക്കയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരല്‍ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാള്‍ 26 ശതമാനം അധികമായിരുന്നു ഇത്.

എന്നാല്‍ 2021 ജനുവരി – മാര്‍ച്ച് കാലയളവില്‍ പ്രതിദിനം അമേരിക്കയില്‍ നിന്ന് 4,21,000 ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ദിവസം ശരാശരി 3,13,000 ബാരല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും നില്‍ക്കുന്നു.

2020-ല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരല്‍. 40 വര്‍ഷത്തോളം എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്.

2020-ല്‍ ദിവസം 29 ലക്ഷം ബാരല്‍ എണ്ണയാണ് അമേരിക്ക കയറ്റുമതി ചെയ്തിരുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ എട്ടു ശതമാനം അധികം.

എണ്ണയുത്പാദനം ഉയര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയിരുന്നു.

കരുതല്‍ ശേഖരം ഉപയോഗിക്കാനാണ് സൗദി ഇന്ത്യയോടു നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ എണ്ണയുടെ പുതിയ സ്രോതസ്സുകള്‍ തേടാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കോവിഡിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ ആഗോള എണ്ണവില ഉയര്‍ത്തി നിര്‍ത്തുന്നതിനാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്പാദനം കുറച്ചത്.

ഇന്ത്യ ഇവിടെ ഉപയോഗിക്കുന്നതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതിചെയ്യുകയാണ്. ഇറാഖ് ആണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം അസംസ്‌കൃത എണ്ണ നല്‍കുന്നത്.

അതുകഴിഞ്ഞാല്‍ സൗദി അറേബ്യയും യു.എ.ഇ.യുമായിരുന്നു. ഭൗമശാസ്ത്രപരമായി ഇന്ത്യയോടടുത്താണ് ഈ രാജ്യങ്ങളെന്നതാണ് ആകര്‍ഷക ഘടകം.

ഇതുവഴി ചരക്കുകൂലിയില്‍ വലിയതുക ലാഭിക്കാന്‍ കഴിയും. ഈ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാന്‍ എട്ടുമടങ്ങ് അധികയാത്ര വേണ്ടിവരും എന്നതാണ് വസ്തുത.

Related posts

Leave a Comment