കണ്ണടച്ചു തുറക്കും മുമ്പേ വ്യോമസേനയിലെ മിടുക്കന്മാര്‍ പാക് അധീന കാഷ്മീരിലെത്തി ആക്രമണം നടത്തി തിരിച്ചെത്തി, 21 മിനിറ്റില്‍ വര്‍ഷിച്ചത് 1,000 കിലോയിലേറെ ബോംബുകള്‍, ഇന്ത്യ കരുതിത്തന്നെയെന്ന് വ്യക്തമായതോടെ പാക്കിസ്ഥാന്‍ ഭയന്നു വിറക്കുന്നു

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിച്ച പാക് ഭീകരര്‍ക്ക് പട്ടട തീര്‍ത്ത ഇന്ത്യയുടെ മറുപടി വെറും 21 മിനിറ്റില്‍. പുലര്‍ച്ചെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 300ലേറെ ഭീകരരെയും നിരവധി ആയുധങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1,000ത്തിലേറെ ബോംബുകളാണ് പാക് അധീന കാഷ്മീരിലെ ഭീകരത്താവളങ്ങളില്‍ വര്‍ഷിച്ചത്.

പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്ഷ ഇ മുഹമ്മദിന്റെ താവളമാണ് തകര്‍ത്തത്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ താവളമാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. ഭീകരകേന്ദ്രം പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു ആക്രമണം.50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. കൃത്യ സ്ഥലത്ത് വര്‍ഷിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടാണ് ജെയ്ഷെ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ തകര്‍ക്കാന്‍ വ്യോമസേനയ്ക്കാകുന്നത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

അതേസമയം ആക്രമണം നടത്തിയ വ്യോമസേനയെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനിടെ ലോകരാജ്യങ്ങളുമായി പാക്കിസ്ഥാന്‍ ബന്ധപ്പെട്ടെങ്കിലും ആരും അവര്‍ക്ക് പരസ്യ പിന്തുണ പോലും നല്കിയില്ലെന്നത് ശ്രദ്ധേയമായി.

Related posts